അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിൽ പങ്കാളിയാകുന്നു; ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് അഖിലേഷ് യാദവ്

ലഖ്നോ: തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിച്ചതിന് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിലും ക്രമക്കേടുകളിലും പങ്കാളിയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരം പ്രവർത്തിക്കരുതെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വോട്ട് മോഷണവും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നിരവധി തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അഖിലേഷ് പറഞ്ഞു.

റാംപൂർ ഉപതെരഞ്ഞെടുപ്പിലും തുടർന്നുള്ള ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളിലും വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നു. വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു, പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു, ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി നിയമിച്ചു. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചു. ഈ പ്രശ്നങ്ങൾ പല വർഷങ്ങളായി ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2017ൽ ഞങ്ങൾക്ക് ഇത് മനസ്സിലായില്ല. 2022ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അനുഭാവികളുടെ ധാരാളം വോട്ടുകൾ നീക്കം ചെയ്യപ്പെട്ടതായി ഞങ്ങൾ കണ്ടു. ഞങ്ങൾ പരാതിപ്പെട്ടു, പക്ഷേ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തില്ല. ഇപ്പോൾ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മുൻപേജുകളിൽ വരുമ്പോൾ, വോട്ട് മോഷണവും തെരഞ്ഞെടുപ്പ് തട്ടിപ്പും നടക്കുന്നുണ്ടെന്ന് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു അഖിലേഷ് കൂട്ടിച്ചേർത്തു.

നോയിഡയിൽ ഇപ്പോഴും ക്രമക്കേടുകൾ തുടരുന്നുണ്ടെന്നും അവിടെ വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കോടതികൾ പരിഗണിക്കണമെന്നും പശ്ചിമ ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അവർ അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 30ന് നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ മുതിർന്ന എസ്‌പി നേതാക്കൾ പങ്കെടുക്കുമെന്നും തനിക്ക് മറ്റൊരു പരിപാടി ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നും അഖിലേഷ് അറിയിച്ചു. യോഗത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷനുമായി ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ബിജെപിയെ പരാജയപ്പെടുത്തി, 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയെ ഞങ്ങൾ തുടച്ചുനീക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും സമാജ്‌വാദി പാർട്ടി 27,000 വോട്ടുകൾ വർധിപ്പിക്കുകയും ബിജെപിയുടെ 27,000 വ്യാജ വോട്ടുകൾ കുറക്കുകയും ചെയ്യും. ഉത്തർപ്രദേശിൽ ബിജെപിയുടെ പരാജയം ഉറപ്പാണ് അഖിലേഷ് അവകാശപ്പെട്ടു.

Tags:    
News Summary - Akhilesh Alleges Vote Theft Slams BJP For Defending EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.