ന്യൂഡൽഹി: കരൂരിൽ നടൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെയുണ്ടായ ദുരന്തത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട് സുപ്രീംകോടതി. ഡി.എം.കെ സർക്കാറിന് തിരിച്ചടിയായ വിധി തമിഴ്നാട് രാഷ്ട്രീയത്തിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റോഹതഗി അധ്യക്ഷനായ മൂന്നംഗ മേൽനോട്ട സമിതിയെ നിയോഗിച്ചു. തമിഴ്നാട്ടുകാരല്ലാത്ത തമിഴ്നാട് കേഡറിലുള്ള രണ്ട് ഐ.പി.എസ് ഓഫിസർമാരെ സമിതി അംഗങ്ങളാക്കണം. സി.ബി.ഐ ശേഖരിക്കുന്ന തെളിവുകൾ പരിശോധിക്കാനുള്ള അധികാരം സമിതിക്കുണ്ടാകും.
എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട മദ്രാസ് ഹൈകോടതി വിധിയെ വിമർശിച്ചാണ് 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ട് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി. സിംഗ്ൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് തമിഴ്നാട് സർക്കാർ രൂപവത്കരിച്ച എസ്.ഐ.ടി അസാധുവായെന്നും ഉടൻ അന്വേഷണ രേഖകൾ സി.ബി.ഐക്ക് കൈമാറണമെന്നും വിധിയിലുണ്ട്.
റാലികൾക്കും റോഡ്ഷോകൾക്കും മാർഗനിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടാത്ത ഒരു കാര്യത്തിൽ മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് സെന്തിൽ കുമാറിന്റെ സിംഗ്ൾ ബെഞ്ച് വിധി പുറപ്പെടുവിക്കുന്നതെങ്ങനെയാണെന്ന് സുപ്രീംകോടതി ചോദിച്ചു.
മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ പരിധിയിൽപ്പെടുന്ന ദുരന്തം ആ ഹൈകോടതിയുടെ രണ്ടംഗ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കേയാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം പോലുമില്ലാതെ മദ്രാസ് പ്രിൻസിപ്പൽ ബെഞ്ചിലെ സിംഗ്ൾ ബെഞ്ച് തീർപ്പാക്കിയതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. വിജയ് യുടെ പാർട്ടിയെയും അതിന്റെ അംഗങ്ങളെയും കേസിൽ കക്ഷിയാക്കാതെ അവർക്കെതിരെ സിംഗ്ൾ ബെഞ്ച് നിരീക്ഷണം നടത്തിയെന്നും സുപ്രീംകോടതി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.