വിജയ്‌യെ കാണാൻ തടിച്ചുക്കൂടി ജനക്കൂട്ടം; കോയമ്പത്തൂരിൽ റോഡ് ഷോ, പെരിയാർ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോയമ്പത്തൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കോയമ്പത്തൂരിൽ പെരിയാർ അറിവുലകവും സയൻസ് സെന്ററും ഉദ്ഘാടനം ചെയ്തു. ഗന്ധിപുരത്ത് ഡോ. നഞ്ചപ്പ റോഡിൽ ഏഴേക്കറിലായി നിർമിച്ച വിജ്ഞാനകേന്ദ്രത്തിൽ പെരിയാറിന്റെ കൂറ്റൻ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഉദ്ഘാടനത്തിനു മുന്നോടിയായി അവിനാശി റോഡിലൂടെ നടത്തിയ റോഡ് ഷോയിൽ വൻ ജനക്കൂട്ടമാണ് വിജയ്‌യെ സ്വീകരിക്കാനെത്തിയത്.

ചെന്നൈയിൽനിന്ന് പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തിയ വിജയ് വിമാനത്താവളത്തിൽനിന്ന് ഗന്ധിപുരത്തെ ഉദ്ഘാടന വേദിയിലേക്ക് ഏകദേശം 11.4 കിലോമീറ്റർ റോഡ് ഷോ നടത്തിയാണ് എത്തിയത്. തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകരും നാട്ടുകാരും റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടി. വിജയ് മുഖ്യമന്ത്രിയായശേഷം കോയമ്പത്തൂരിലെത്തിയ ആദ്യ സന്ദർശനമായതിനാൽ നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. 3,500ലധികം പൊലീസുകാരെ സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിരുന്നു. പീലമേട്, അവിനാശി റോഡ്, ഗന്ധിപുരം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും റോഡ് ഷോ കടന്നുപോകുന്ന മേഖലയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

ഏകദേശം 300 കോടി രൂപ ചെലവിൽ നിർമിച്ച വിജ്ഞാനകേന്ദ്രത്തിന്റെ ആശയവും നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചത് മുൻ ഡി.എം.കെ സർക്കാറിന്റെ കാലത്താണ്. 245 കോടി രൂപയാണ് നിർമാണത്തിനായി ചെലവഴിച്ചത്. പുസ്തകങ്ങൾക്കും ഇ-പുസ്തകങ്ങൾക്കുമായി 50 കോടി രൂപയും വകയിരുത്തി. 2024 നവംബർ ആറിനാണ് അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദ്ധതിക്ക് തറക്കല്ലിട്ടത്. ഭരണ മാറ്റത്തിനുമുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ.

ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കുമുമ്പ് പദ്ധതിയുടെ ആശയം തന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മാതൃകാ സർക്കാറിന്റേതാണെന്ന് ചൂണ്ടിക്കാട്ടി എം.കെ. സ്റ്റാലിൻ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരുന്നു. ആരാണ് ഉദ്ഘാടനം ചെയ്യുന്നതെന്നതല്ല, മറിച്ച് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്ത് യാഥാർഥ്യമാക്കിയതിലാണ് അഭിമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡി.എം.കെ സർക്കാർ വിഭാവനം ചെയ്ത് നിർമാണം ആരംഭിച്ച പദ്ധതിയാണ് നിലവിലെ സർക്കാർ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

സാമൂഹിക പരിഷ്കർത്താവായ പെരിയാർ ഇ.വി. രാമസ്വാമിയുടെ പേരിലുള്ള എട്ടുനില സമുച്ചയം വിദ്യാഭ്യാസം, ശാസ്ത്രപഠനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. 1.25 ലക്ഷത്തിലധികം അച്ചടിച്ച പുസ്തകങ്ങൾ, ഡിജിറ്റൽ ലൈബ്രറി, കുട്ടികൾക്കായുള്ള ലൈബ്രറി, വായനാമുറികൾ, ആധുനിക ശാസ്ത്രപഠന സൗകര്യങ്ങൾ എന്നിവ കേന്ദ്രത്തിലുണ്ട്. ഇ-പുസ്തക ശേഖരം, ഡിജിറ്റൽ ആർക്കൈവുകൾ, കുട്ടികൾക്ക് ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടാനുള്ള സംവേദനാത്മക പഠന സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

യു.പി.എസ്.സി, തമിഴ്നാട് പബ്ലിക് സർവിസ് കമീഷൻ (ടി.എൻ.പി.എസ്.സി) തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പഠനമുറികളും പഠനസാമഗ്രികളും ലഭ്യമാകും. അക്കാദമിക സെമിനാറുകൾ, ചർച്ചകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കാനായി അത്യാധുനിക ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തിനുശേഷം വിജയ് ശാസ്ത്രകേന്ദ്രം, ഡിജിറ്റൽ ലൈബ്രറി, പ്ലാനറ്റേറിയം എന്നിവ സന്ദർശിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കോർപറേഷൻ സ്കൂളുകളിലെ വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് വിജ്ഞാനവും ശാസ്ത്രബോധവും പകരുന്ന കേന്ദ്രമായി പെരിയാർ അറിവുലകം മാറുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Vijay Inaugurates Periyar Knowledge Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.