‘തിരംഗ മാർച്ച് നടത്തരുത്’; അഭിജീത് ദിപ്കെയ്ക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്

ന്യൂഡൽഹി: സി.ജെ.പി ആഹ്വാനം ചെയ്ത ‘ലെഹ്‌റ ദോ തിരംഗ’ മാർച്ച് പ്രതിഷേധത്തിന് തൊട്ടുമുമ്പ് അഭിജീത് ദിപ്കെയ്ക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്. ഝണ്ഡേവാലനിലെ ദിപ്കെയുടെ വസതിയിലെത്തിയാണ് ഡൽഹി പൊലീസ് സംഘം അദ്ദേഹത്തിന് നോട്ടീസ് കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ വലിയ പൊലീസ് സംഘം ദിപ്കെയുടെ വസതിയിലെത്തിയത്.

തിരംഗ മാർച്ചിൽ പങ്കെടുക്കാൻ പാടില്ലെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ട കൊണാട്ട് പ്ലേസിലേക്ക് പോകരുതെന്നുമാണ് നോട്ടിസിൽ ആവശ്യപ്പെട്ടത്. ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരം നോട്ടീസ് നൽകിയിരിക്കുന്നത്.

തന്റെ താമസസ്ഥലം മഫ്തി പൊലീസുകാർ വളഞ്ഞിരിക്കുകയാണെന്നും വെള്ളിയാഴ്ച പുലർച്ചയോടെ തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്നും അഭിജീത് ദിപ്‌കെ വ്യാഴാഴ്ച രാത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തേക്ക് പാർക്ക് അടച്ചുപൂട്ടിയ നടപടിയെ ചോദ്യം ചെയ്ത ദിപ്‌കെ, തങ്ങൾ പ്രതിഷേധം സംഘടിപ്പിക്കുന്ന എല്ലാ പൊതുസ്ഥലങ്ങളും അടച്ചുപൂട്ടാൻ അധികാരികൾക്ക് കഴിയില്ലെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സെൻട്രൽ പാർക്കിൽ തന്നെ മാർച്ച് നടത്തുമെന്നും പൊലീസ് കടത്തിവിടില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സി.ജെ.പി വ്യക്തമാക്കി. ഭീഷണിയും അധികാരവും ഉപയോഗിച്ച് ജനകീയ പ്രതിഷേധങ്ങളെ പേടിപ്പിച്ച് കീഴടക്കാമെന്ന് കരുതേണ്ടതില്ലെന്ന് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച്, കോക്രോച്ച് ജനതാ പാർട്ടി വെള്ളിയാഴ്ച വൈകീട്ട് 5ന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ "ലെഹരാ ദോ തിരംഗ" മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു.

Tags:    
News Summary - Delhi Police Issue Notice to Abhijeet Dipke Ahead of CJP's 'Lehra Do Tiranga' March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.