ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; വിലക്ക് മറികടന്ന് പ്രതിഷേധം, ഡൽഹി സംഘർഷഭരിതം
ന്യൂഡൽഹി: തിരംഗ മാർച്ചിന് കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ.പി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടെയാണ് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഐസ നേതാവ് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസ് ഭാഗത്തുവെച്ചാണ് നേഹയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ദേശീയപതാകയുമായി പ്രവർത്തകർ തെരുവിലിറങ്ങിയതോടെ രാജ്യതലസ്ഥാനം സംഘർഷഭരിതമായി. സമരക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും തയാറാകുന്നില്ല. കൂടുതൽ പ്രവർത്തകർ എത്തിയതോടെ പൊലീസ് സുരക്ഷയും വർധിപ്പിച്ചു.
നേരത്തെ, സി.ജെ.പി ആഹ്വാനം ചെയ്ത ‘ലെഹ്റ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ദിപ്കെക്ക് നോട്ടിസ് നൽകിയിരുന്നു. ഝണ്ഡേവാലനിലെ ദിപ്കെയുടെ വസതിയിലെത്തിയാണ് നോട്ടീസ് കൈമാറിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ച കൊണാട്ട് പ്ലേസിലേക്ക് പോകരുതെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരമാണ് നോട്ടീസ് നൽകിയത്. എന്നാൽ ഈ വിലക്ക് ലംഘിച്ച് റാലിയിൽ പങ്കെടുക്കാൻ വീട്ടിൽനിന്നും ഇറങ്ങിയപ്പോഴാണ് പൊലീസ് ദിപ്കെയെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.
ദീപ്കെയെ കസ്റ്റഡിയിൽ എടുത്ത വിവരം അറിഞ്ഞ സി.ജെ.പി പ്രവർത്തകർ ദേശീയ പതാകയും ഉയർത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രവർത്തകരാണ് നിരോധനാജ്ഞ ലംഘിച്ച് കൊണാട്ട് പ്ലേസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആം ആദ്മി പ്രവർത്തകരും പ്രതിഷേധവുമായി കൊണാട്ട് പ്ലേസിലേക്ക് എത്തുന്നുണ്ട്. വൈകീട്ട് അഞ്ചിന് മണ്ഡി ഹൗസിൽ എത്താനാണ് പ്രവർത്തകരോട് നേഹ ബോറ ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഒരു സ്ഥലം മാത്രമല്ലെന്നും, അത് ചെറുത്തുനിൽപ്പിന്റെ പ്രതീകം കൂടിയാണെന്നും അവർ പറഞ്ഞു. ഇന്ന് ഡൽഹി നഗരമധ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും അവർ എക്സിൽ കുറിച്ചു.
പിന്നാലെ പ്രവർത്തകർക്കൊപ്പം ഇവിടെ എത്തിയ നേഹയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ബലമായി പിടിച്ചാണ് അവരെ വാഹനത്തിൽ കയറ്റിയത്. വാഹനം പ്രവർത്തകർ തടയുന്നുണ്ട്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഇന്നും നാളെയും പൊതുജനങ്ങൾക്കു പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഭരണപരമായ കാരണങ്ങളാലാണ് നിയന്ത്രണം എന്നാണ് ഡൽഹി പൊലീസിന്റെ വാദം. അതേസമയം, ഡൽഹി നഗരമധ്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. ഡൽഹി പൊലീസിലെ 6,000ത്തിലധികം ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ പൊലീസ് സേനയിലെ 26,000 ഉദ്യോഗസ്ഥരെയും പ്രദേശത്തും പരിസരങ്ങളിലും വിന്യസിച്ചിട്ടുണ്ട്. അധിക സി.സി.ടി.വി നിരീക്ഷണവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വോട്ടർ പട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സി.ജെ.പിയും പ്രതിഷേധത്തിലാണ്.
ജന്തർ മന്തറിൽ കടന്ന് പ്രതിഷേധിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്ത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തത്. തന്റെ താമസസ്ഥലം മഫ്തി പൊലീസുകാർ വളഞ്ഞിരിക്കുകയാണെന്നും വെള്ളിയാഴ്ച പുലർച്ചയോടെ തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്നും അഭിജീത് ദിപ്കെ വ്യാഴാഴ്ച രാത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തേക്ക് പാർക്ക് അടച്ചുപൂട്ടിയ നടപടിയെ ചോദ്യം ചെയ്ത ദിപ്കെ, തങ്ങൾ പ്രതിഷേധം സംഘടിപ്പിക്കുന്ന എല്ലാ പൊതുസ്ഥലങ്ങളും അടച്ചുപൂട്ടാൻ അധികാരികൾക്ക് കഴിയില്ലെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സെൻട്രൽ പാർക്കിൽ തന്നെ മാർച്ച് നടത്തുമെന്നും പൊലീസ് കടത്തിവിടില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സി.ജെ.പി വ്യക്തമാക്കി. ഭീഷണിയും അധികാരവും ഉപയോഗിച്ച് ജനകീയ പ്രതിഷേധങ്ങളെ പേടിപ്പിച്ച് കീഴടക്കാമെന്ന് കരുതേണ്ടതില്ലെന്ന് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.