ബംഗാളിൽ ബി.ജെ.പി പ്രവർത്തകർ പൊലീസ് വാഹനം അടിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ ദിവസം ബി.ജെ.പി മാർച്ചിനിടെയുണ്ടായ സംഘർഷങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ബി.ജെ.പി പ്രവർത്തകർ പൊലീസ് വാഹനം അടിച്ച് തകർത്തതിന് ശേഷം തീയിടാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ ബി.ജെ.പി ആരോപണങ്ങൾ നിഷേധിച്ചു.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.എസ് ശ്രീനിവാസാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാൾ ലൈറ്റർ ഉപയോഗിച്ച് പൊലീസ് വാഹനത്തിനകത്തെ തുണിയിൽ തീ പിടിപ്പിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏത് പാർട്ടിയിലെ കലാപകാരികളാണ് പൊലീസ് വാഹനം കത്തിക്കാൻ ശ്രമിക്കുന്നതെന്ന് തിരിച്ചറിയൂ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ കലാപകാരികളെ അവരുടെ വസ്ത്രങ്ങളും കൊടികളും ഉപയോഗിച്ച് പ്രധാനമന്ത്രി തിരിച്ചറിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹത്തിന്‍റെ തന്നെ പ്രസംഗത്തെ പരിഹസിച്ച് ശ്രീനിവാസ് പറഞ്ഞു.

പ്രതിഷേധക്കാർ ബി.ജെ.പിയുടെ പതാക വീശുന്നതും പൊലീസ് വാഹനം അടിച്ച് തകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പൊലീസ് വാഹനത്തിന് തീവെച്ചെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. അത് പൊലീസ് സ്വയം ചെയ്തതായിരിക്കുമെന്ന് ആരോപണങ്ങൾക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. "ഞങ്ങളുടെ പ്രവർത്തകർ ആയുധങ്ങൾ കൈവശം വച്ചിരുന്നില്ല. തൃണമൂൽ കോൺഗ്രസിന്റെ ജിഹാദികളായിരിക്കും അക്രമം നടത്തിയത്. പൊലീസിന്റെ പ്രകോപനത്തെ തുടർന്നാണ് അക്രമം ആരംഭിച്ചത്"- സുവേന്ദു അധികാരി പറഞ്ഞു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ ബംഗാളിൽ അഴിമതി നടത്തുകയാണെന്നാരോപിച്ചാണ് ബി.ജെ.പി മാർച്ച് നടത്തിയത്. എന്നാൽ പ്രതിഷേധത്തിനിടെ ഹൗറ റെയിൽവേ സ്റ്റേഷന് സമീപം അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സുവേന്ദു അധികാരി ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ സെപ്റ്റംബർ 19നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാരിനോട് കൽക്കട്ട ഹൈകോടതി ഉത്തരവിട്ടു.

Tags:    
News Summary - Video Shows How Kolkata Police Van Was Set On Fire. BJP Says "Wasn't Us"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.