സുപ്രീം കോടതി കേസ് കേട്ടുകൊണ്ടിരിക്കെ വിക്ടോറിയ ഗൗരി ജഡ്ജിയായി അധികാരമേറ്റു

ന്യൂഡൽഹി: സുപ്രീം കോടതി കേസ് കേട്ടുകൊണ്ടിരിക്കെ വിക്ടോറിയ ഗൗരി മദ്രാസ് ഹൈകോടതി അഡീഷനൽ ജഡ്ജിയായി അധികാര​മേറ്റു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകർ ഇവരുടെ നിയമനത്തിനെതിരെ വാദിച്ചുകൊണ്ടിരിക്കെയായിരുന്നു മദ്രാസ് ഹൈകോടതിയിൽ സത്യപ്രതിജഞ. ഇതിന് പിന്നാലെ ഹരജി ബെഞ്ച് തള്ളുകയും ചെയ്തു.

അസാധാരണ അഭിപ്രായ പ്രകടനത്തിലൂടെ വിദ്വേഷ പ്രചാരകയെന്ന് ആക്ഷേപം നേരിടുന്ന ബി.ജെ.പി നേതാവിനെ മദ്രാസ് ഹൈകോടതി ജഡ്ജിയായി നിയമിക്കാൻ തങ്ങൾ തന്നെ നൽകിയ ശിപാർശക്കെതിരായ പരാതി സുപ്രീംകോടതി കൊളീജിയം മുഖവിലക്കെടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തിങ്കളാഴ്ച കോടതിയെ അറിയിച്ചത് അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല.

മദ്രാസ് ഹൈകോടതിയിലുണ്ടായിരുന്ന സുപ്രീംകോടതി ജഡ്ജിയുമായും ഹെകോടതിയുമായും കൂടിയാലോചന നടത്തിയ സുപ്രീംകോടതി കൊളീജിയം അവരുടെ വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച പരാതി അറിഞ്ഞില്ലെന്ന് സങ്കൽപിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞജീവ് ഖന്നയും ബി.​ആർ ഗവായും വ്യക്തമാക്കി. കൊളീജിയം തീരുമാനം റദ്ദാക്കാത്തതിനാൽ തീരുമാനത്തിൽ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ അഡീഷനൽ ജഡ്ജി മാത്രമാണെന്നും അവരുടെ പ്രകടനം കൊളീജിയം നോക്കിക്കോളുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാൻ വെച്ചപ്പോഴാണ് കേന്ദ്ര സർക്കാർ അവരെ നിയമിക്കാനുള്ള അടിയന്തര നിയമന ഉത്തരവിറക്കിയത്. ഹരജി ഇന്ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോൾ അവരുടെ സത്യപ്രതിജഞ കോടതി കേസ് എടുക്കുന്നതിന് മുമ്പ് രാവിലെ 10.30ന് നിശ്ചയിച്ച് മദ്രാസ് ഹൈകോടതി സർക്കുലർ ഇറക്കി. ഇ​തോടെ സുപ്രീംകോടതി കേസ് രാവിലെ 9.15നാക്കി.

അതിനിടെ നിയമന ശിപാർശക്ക് മുമ്പ് സുപ്രീംകോടതി കൂടിയാലോചന നടത്തിയ ജസ്റ്റിസ് സുന്ദേരേഷ് കേസ് കേൾക്കുന്ന ബെഞ്ചിൽനിന്ന് ​പിന്മാറി. തുടർന്ന് വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാൻ ശിപാർശ ചെയ്ത കൊളീജിയത്തിന്റെ അധ്യക്ഷൻ കൂടിയായ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് കേൾക്കുമെന്ന അറിയിപ്പ് കിട്ടി അഭിഭാഷകർ ഒന്നാം നമ്പർ കോടതിയിലെത്തി. അര മണിക്കൂറായിട്ടും കേന്ദ്രത്തിന്റെ അഭിഭാഷകരും സുപ്രീംകോടതി ജഡ്ജിമാരും വന്നില്ല. അതിന് പിന്നാലെ വീണ്ടും ബെഞ്ച് മാറിയെന്ന അറിയിപ്പ് കിട്ടി.

നേരത്തെ നിശ്ചയിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്നയോടൊപ്പം ജസ്റ്റിസ് ബി.ആർ ഗവായ് കൂടി അടങ്ങുന്ന ബെഞ്ചാണ് കേസ് കേൾക്കുകയെന്ന് കേട്ട് ഒന്നാം നമ്പർ കോടതിയിൽനിന്ന് എല്ലാവരും ഏഴാം നമ്പർ കോടതിയിലേക്ക് പോയി. എന്നാൽ 9.15ന് പരിഗണിക്കുമെന്ന് പറഞ്ഞ കേസ് കേൾക്കാൻ ജഡ്ജിമാർ മാത്രം വന്നില്ല. പിന്നീട് കേസ് രാവിലെ 10.30നായിരിക്കും പരിഗണിക്കുകയെന്ന് അറിയിച്ച് കോടതിമുറിക്ക് പുറത്ത് പുതിയ കേസ് പട്ടിക തൂക്കി. 10.35ന് നിശ്ചയിച്ച സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ 10.25ന് കോടതിമുറിയിലെത്തിയ ജഡ്ജിമാർ അഞ്ച് മിനിറ്റ് നേരത്തെ കേസ് കേൾക്കുകയാണെന്ന് പറഞ്ഞ് കേട്ടാണ് സത്യപ്രതിജഞയും കഴിഞ്ഞ് കേസ് തള്ളിയത്.

Tags:    
News Summary - Victoria Gowri took over as judge while the Supreme Court was hearing the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.