'അവൻ ഒരു പോരാളിയാണ്, വിജയിയായി പുറത്തുവരും'; വരുൺ സിങ്ങിന്‍റെ പിതാവ്

ഭോപ്പാൽ: വരുൺ സിങ് ഒരു പോരാളിയാണെന്നും ഈ പോരാട്ടത്തിൽ അവൻ ജയിച്ചുകയറുമെന്നും മുൻ സൈനിക ഉദ്യോഗസ്ഥനായ പിതാവ് കെ.പി. സിങ്. തമിഴ്നാട്ടിലെ കുന്നൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് നിലവിൽ ബംഗളൂരുവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

സംയുക്ത സൈനിക തലവൻ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്. വരുൺ മാത്രമാണ് രക്ഷപ്പെട്ടത്. വരുണിന്‍റെ ആരോഗ്യസ്ഥിതിയിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും പോരാളിയായ മകൻ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. ഒന്നും പറയാൻ പറ്റാത്ത തരത്തിൽ ആരോഗ്യ സ്ഥിതിയിൽ ഏറ്റക്കുറച്ചിൽ സംഭവിക്കുകയാണ്. ഓരോ മണിക്കൂറിലും മകന്‍റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സ്ഥിതിയിൽ ഉയർച്ചയും താഴ്ച്ചയുമുണ്ട്. നിലവിൽ അവൻ മികച്ച കൈകളിലാണ്. മികച്ച ആരോഗ്യ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുമാണ് മകനെ പരിചരിക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം പ്രാർഥനയും അവനോടപ്പമുണ്ട്.

മകനെ അറിയാത്തവരും വിരമിച്ചവരും സേവനമനുഷ്ഠിക്കുന്നവരുമായ നിരവധി പേർ അവനെ കാണാൻ വന്നതിൽ ഞാൻ വികാരാധീനനാണ്. അവൻ വിജയിയായി പുറത്തുവരും, അവൻ ഒരു പോരാളിയാണ്, അവൻ പുറത്തുവരും...കെ.പി. സിങ് പറഞ്ഞു. കഴിഞ്ഞ വർഷം സാങ്കേതിക തകരാറിനെ തുടർന്ന് തേജസ് ലൈറ്റ് കോംബാറ്റ് വിമാനത്തിൽ ഉണ്ടായേക്കാവുന്ന മിഡ്-എയർ അപകടം ഒഴിവാക്കിയതിന് ആഗസ്റ്റിൽ വരുൺ സിങ്ങിന് ശൗര്യ ചക്ര നൽകി രാജ്യം ആദരിച്ചിരുന്നു.

ഗ്രൂപ്പ് ക്യാപ്റ്റന്‍റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ലോക്സഭയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Varun's A Fighter": Lone Chopper Crash Survivor's Father On Son's Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.