വരവര റാവു ഗുരുതരാവസ്ഥയിൽ: മോചിപ്പിക്കണമെന്ന് കുടുംബം

ഹൈദരാബാദ്: കഴിഞ്ഞ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും കവിയും എഴുത്തുകാരനുമായ വരവരറാവുവിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് കുടുംബം. അദ്ദേഹത്തിന്‍റെ യഥാർഥ ആരോഗ്യാവസ്ഥ തങ്ങളെ അറിയിക്കുന്നില്ലെന്നും  കുടുംബം ആരോപിക്കുന്നു.

78 കാരനായ വരവര റാവു മെയ് 28 ന് ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുക്കുന്നതിന് മുൻപ് തന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഈ സമയത്ത് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും പ്രത്യേക കോടതി അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തലോജ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

വരവരറാവുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കൂടെ അറസ്റ്റിലായ മറ്റൊരു വ്യക്തിയെയാണ് വരവരറാവുവിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ജയില്‍ അധികൃതര്‍ നിയോഗിച്ചിട്ടുള്ളത്. പിതാവിന്‍റെ ആരോഗ്യം തിരിച്ചുപിടിക്കണമെങ്കില്‍ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായമെന്നും മകൾ പാവന പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും തെലുങ്കു കവിയുമായ വരവര റാവു അറസ്റ്റ് ചെയ്തത്‍. ഹൈദരാബാദില്‍ ചിക്കാഡ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വന്തം വസതിയില്‍ നിന്നുമാണ് വരവര റാവുവിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഭീമ-കൊറഗാവ് സംഘര്‍ഷ കേസില്‍ മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉള്‍പ്പടെ അഞ്ച് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നുമാണ് മഹാരാഷ്ട്ര പൊലീസ് അവകാശപ്പെടുന്നത്. റോഡ്‌ഷോ വേളയില്‍ മോദിയെ വധിക്കാനായിരുന്നു പദ്ധതി. മാവോയിസ്റ്റ് എന്ന് സംശയിക്കുന്നയാളില്‍ നിന്ന് പിടിച്ചെടുത്ത കത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറയുന്നു. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് കത്തുകളില്‍ നിന്നുമാണ് വരവര റാവുവിന്‍റെ പേര് ഉയര്‍ന്നുവന്നത്.

Tags:    
News Summary - As Varavara Rao's Health Worsens in Jail, Family Alleges Severe Negligence by Authorities- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.