റിസപ്ഷനിസ്റ്റിന്റെ കൊല: റവന്യൂ പൊലീസ് മേഖലകൾ സാധാരണ പൊലീസിനു കീഴിലാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് സംവിധാനം കാര്യമല്ലെന്ന പരാതി ഉയർന്നതോടെ എല്ലാ റവന്യൂ പൊലീസ് മേഖലകളും സാധാരണ പൊലീസിന്റെ പരിധിയിൽ കൊണ്ടുവരാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനം. റിസപ്ഷനിസ്റ്റിന്റെ കൊലപാതകം റവന്യൂ പൊലീസ് മേഖലയിലാണ് സംഭവിച്ചതെന്നും റവന്യൂവിൽ നിന്ന് കാണാനില്ലെന്ന പരാതി പൊലീസിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നുമായിരുന്നു കേസ് രജിസ്റ്റർ ചെയ്യാനുള്ള കാലതാമസത്തെ കുറിച്ച് പൊലീസ് വിശദീകരിച്ചത്. ഇത് വ്യാപക പ്രതിഷേധങ്ങൾക്കിടവെച്ചിരുന്നു.

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഘട്ടം ഘട്ടമായി റവന്യൂ പൊലീസ് മേഖല പൊലീസിനു കീഴിലാക്കാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി എസ്.എസ്. സന്ധു പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ആറ് അധിക പൊലീസ് സ്റ്റേഷനുകളും 20 പുതിയ പൊലീസ് ഔട്ട്‌പോസ്റ്റുകളും സ്ഥാപിക്കും. പ്രത്യേകിച്ചും കൂടുതൽ ടൂറിസം പ്രവർത്തനങ്ങൾ ഉള്ള പ്രദേശങ്ങളിലാണ് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുകയെന്ന് ചീഫ് സെക്രട്ടറി സന്ധു പറഞ്ഞു.

പൗരി ജില്ലയിലെ യംകേശ്വർ, തെഹ്‌രിയിലെ ചാം, ചമോലിയിലെ ഘട്ട്, നൈനിറ്റാളിലെ ഖനസ്യു, ദേഘാട്ട്, അൽമോറയിലെ ധൗലി ജീന എന്നിവിടങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകൾ തുറക്കുന്നത്.

ഡെറാഡൂൺ ജില്ലയിലെ ലഖമണ്ഡല്, പൗരിയിലെ ബീറോൻഖൽ, തെഹ്‌രിയിലെ ഗജ, കന്ദിഖൽ, ചാമിയാല, ചമോലിയിലെ നൗതി, നാരായൺബാഗഡ്, ഉർഗം, രുദ്രപ്രയാഗിലെ ചോപ്ത, ദുർഗാഡ്ഗർ എന്നിവ ഉൾപ്പെടുന്ന 20 സ്ഥലങ്ങളിൽ പുതിയ പൊലീസ് ഔട്ട്‌പോസ്റ്റുകളും തുറക്കും.

റവന്യൂ പൊലീസിന്റെ പരിമിതമായ അധികാരങ്ങളും കൊലപാതകം പോലുള്ള വലിയ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ അതിന്റെ ഫലപ്രാപ്തിയില്ലായ്മയും അങ്കിത ഭണ്ഡാരി വധക്കേസ് മുതൽ സംസ്ഥാനത്ത് ചർച്ചാ വിഷയമാണ്.

പൗരി ജില്ലയിലെ വനാന്തര റിസോർട്ടിൽ ജോലി ചെയ്തിരുന്ന 19 കാരിയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ തൊഴിലുടമ കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷം, ഋഷികേശിന് സമീപമുള്ള ചീല കനാലിൽ നിന്ന് മൃതദേഹമാണ് കണ്ടെടുത്തത്.റിസോർട്ട് സ്ഥിതി ചെയ്തിരുന്ന മേഖല റവന്യൂ പൊലീസിന്റെ കീഴിലായിരുന്നു.

റവന്യൂ പൊലീസിൽ നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. റവന്യൂ പൊലീസിൽ നിന്ന് റഗുലർ പൊലീസിലേക്ക് കേസ് മാറ്റിയതോടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമായത്.

സർക്കാർ ജോലികളിൽ പ്രദേശവാസികളായ സ്ത്രീകൾക്ക് സംവരണം സംബന്ധിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Uttarakhand Brings Big Police Change Days After Teen's Murder At Resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.