അലീഗഢിലെ ഐ.എസ് വേട്ടയുടെ ഭാഗമായി യു.പി പൊലീസ് രണ്ടുമാസത്തിനിടെ അറസ്റ്റ് ചെയ്തത് ഒമ്പത് മുസ്‍ലിം യുവാക്കളെ

ന്യൂഡൽഹി: ഐ.എസ് വേട്ടയുടെ ഭാഗമായി രണ്ടുമാസത്തിനിടെ, യു.പി പൊലീസ് അറസ്റ്റ് ചെയ്തത് ഒമ്പത് മുസ്‍ലിം യുവാക്കളെ. അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളുമാണ് അറസ്റ്റിലായവർ. ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ഗൂഢാലോചന നടത്തുക, ഇന്ത്യൻ സർക്കാരിനെതിരെ ​യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയുധശേഖരണം നടത്തുക, ഗൂഢാലോചന നടത്തുകയോ ഭീകരപ്രവർത്തനത്തിന് ശ്രമിക്കുകയോ ചെയ്യുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദ ഗ്രൂപ്പുമായി കൂട്ടുകൂടുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായവർ യു.പിയിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലോ വൻ ഭീകരപ്രവർത്തനം നടത്താൻ പദ്ധതിയിട്ടിരുന്നതായി എ.ടി.എസ്(ഭീകരവിരുദ്ധ സ്ക്വാഡ്) ആരോപിച്ചു. നവംബർ ആദ്യവാരമാണ് ആദ്യ അറസ്റ്റുകൾ നടന്നത്. 2024 ജനുവരി എട്ടിന് തിങ്കളാഴ്ച വീണ്ടും അറസ്റ്റുണ്ടായി. ആമാസ് അഹമ്മദിനെ അലീഗഢിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭാൽ സ്വദേശി അബ്ദുൽ സമദ് മാലിക് (25) പ്രാദേശിക കോടതിയിൽ കീഴടങ്ങിയതായും പൊലീസ് അറിയിച്ചു.

അഹ്മദ് 2022ലാണ് അലീഗഢിൽ നിന്ന് സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം എം.ബി.എ പ്രവേശന പരീക്ഷ എഴുതിയിരുന്നു. കേന്ദ്രസർവകലാശാലയിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് മാലിക്. കേസിൽ നേരത്തെ അറസ്റ്റിലായ ഏഴ് പേർക്കൊപ്പം ചേർന്ന് ഇരുവരും അലീഗഢിൽ ഐ.എസ് മൊഡ്യൂൾ തയ്യാറാക്കി മറ്റുള്ളവരെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് യു.പി എ.ടി.എസ് ആരോപിച്ചു. അറസ്റ്റിലായവരെല്ലാം ഐ.എസിനോട് കൂറ് പുലർത്തുന്ന പ്രതിജ്ഞ എടുത്തവരായിരുന്നുവെന്നും പൊലീസ് അവകാശപ്പെട്ടു. അറസ്റ്റിലായ യുവാക്കൾ കാമ്പസിലെ അനൗപചാരിക വിദ്യാർഥി സംഘടനയായ സാമു (അലീഗഢ് മുസ്‍ലിം സർവകലാശാലയിലെ വിദ്യാർഥികൾ)യുമായി ബന്ധം പുലർത്തുന്നവരുമാണ്.

പൂർവ വിദ്യാർഥികളായ അബ്ദുല്ല അർസലൻ, മാസ് ബിൻ താരിഖ് എന്നിവരെ നവംബർ അഞ്ചിന് അറസ്റ്റ് ചെയ്തതോടെയാണ് അലീഗഢിലെ വേട്ട തുടങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം അലിഗഡിൽ നിന്ന് പി.എച്ച്.ഡി പൂർത്തിയാക്കിയ വാസിഹുദ്ദീനെ ഛത്തീസ് ഗഢിലെ ദുർഗിൽ നിന്ന് യു.പി എ.ടി.എസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് ഐ.എസിന്റെ ഗ്രന്ഥങ്ങളും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

2023 നവംബർ 11ന് നാലുപേരെ എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു. അലീഗഢിൽ നിന്ന് എം.ടെക് പൂർത്തിയാക്കിയ റാഖിബ് ഇമാം (29), അവിടെ ബി.എസ്‌സിക്ക് പഠിക്കുന്ന 23കാരനായ നവേദ് സിദ്ദിഖി, യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ ഓണേഴ്‌സ് പൂർത്തിയാക്കിയ മുഹമ്മദ് നോമൻ (27), മുഹമ്മദ് നാസിം (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൊമാൻ, നാസിം, സിദ്ദിഖി എന്നിവരെ അവരുടെ സ്വദേശമായ സംഭാൽ ജില്ലയിൽ നിന്നും ഇമാമിനെ അലീഗഢിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അതേസമയം എ.ടി.എസിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും വാദമുണ്ട്.

സർവകലാശാലയിലെ ചില പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും അറസ്റ്റിലായതായി അറിയാമായിരുന്നെങ്കിലും ഒരു സംസ്ഥാന ഏജൻസിയും അവർക്ക് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്ന് അലീഗഢ് പ്രോക്ടർ വസീം അലി പറഞ്ഞു. പൊലീസിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൊലീസിന്റെ ഏതുതരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Uttar Pradesh police arrests 9 muslim youth in two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.