യു.പി എം.എൽ.സി തെരഞ്ഞെടുപ്പ്; മോദിയുടെ വാരണാസിയിൽ ബി.ജെ.പി സ്ഥാനാർഥി തോറ്റു, എസ്.പിയുടെ ജയം 4898 വോട്ടുകൾക്ക്

ലഖ്‌നോ: ഉത്തർപ്രദേശ് നിയമനിർമാണ കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ ബി.ജെ.പി സ്ഥാനാർഥിക്ക് തോൽവി. സമാജ് വാദി പാര്‍ട്ടി (എസ്.പി) സ്ഥാനാര്‍ഥി ലാല്‍ ബിഹാരി യാദവാണ് വാരണാസി അധ്യാപക മണ്ഡലത്തില്‍ വിജയിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ഥി പ്രമോദ് മിശ്രക്കെതിരെ 4898 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. പാർട്ടി ശക്തികേന്ദ്രമായ വാരണാസിയിലെ തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയായി. അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ ബിജെപി ലീഡ് നേടി. ഗോരഖ്പൂരിൽ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് സമാജ്‌വാദി പാർട്ടി വോട്ടെണ്ണൽ ബഹിഷ്‌കരിച്ചു. യു.പിയിൽ 11 എം.എൽ.സി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ അഞ്ചെണ്ണത്തിന്റെ ഫലം പ്രഖ്യാപിച്ചു. ബിജെപി നാലു സീറ്റിലും എസ്.പി ഒരു സീറ്റിലും വിജയിച്ചു. ശേഷിക്കുന്ന സീറ്റുകളിൽ വോട്ടെണ്ണൽ തുടരുകയാണ്.

രണ്ടിടത്ത് ബിജെപിയും മൂന്നിടത്ത് എസ്.പിയും മുന്നിലാണ്. മീററ്റ് അധ്യാപക മണ്ഡലം, മീററ്റ് ഗ്രാജ്വേറ്റ് മണ്ഡലം, ബറേലി അധ്യാപക മണ്ഡലം, ലഖ്‌നോ അധ്യാപക മണ്ഡലം എന്നിവിടങ്ങളിൽ ബിജെപി നേരത്തേ വിജയം നേടിയിരുന്നു.

ബിഹാറിൽ ബിജെപിക്ക് തിരിച്ചടി

ബിഹാർ നിയമനിർമാണ കൗൺസിലിലെ എട്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പട്‌ന അധ്യാപക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി നവൽ കിഷോർ യാദവ് പരാജയപ്പെട്ടു. ആർജെഡി സ്ഥാനാർഥി സഞ്ജീവ് കുമാർ യാദവാണ് വിജയിച്ചത്. നാല് അധ്യാപക മണ്ഡലങ്ങളിലെയും ഫലങ്ങൾ പ്രഖ്യാപിച്ചു. ബിജെപി, ജൻ സുരാജ് പാർട്ടി, ആർജെഡി, ഒരു സ്വതന്ത്ര സ്ഥാനാർഥി എന്നിവർ ഓരോ സീറ്റ് വീതം നേടി. ശേഷിക്കുന്ന നാല് സീറ്റുകളിലെ വോട്ടെണ്ണൽ തുടരുകയാണ്.

മഹാരാഷ്ട്രയിൽ അഞ്ച് സീറ്റുകളിലേക്കായി 182 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. പൂനെ, നാഗ്പൂർ, ഛത്രപതി സംഭാജിനഗർ എന്നീ മൂന്ന് ബിരുദധാരികളുടെ മണ്ഡലങ്ങളിലും പുണ, അമരാവതി എന്നീ രണ്ട് അധ്യാപക മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Uttar Pradesh MLC election: SP wins in Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.