വീട്ടിൽ വഴക്ക് ഭയന്ന് തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞു; പത്താം ക്ലാസുകാരന്റെ നാടകം പൊളിച്ച് പൊലീസ്
ലഖ്നോ: വീട്ടിൽ നിന്ന് അനുമതിയില്ലാതെ ബൈക്ക് എടുത്തതിന് വഴക്ക് കേൾക്കാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ പത്താം ക്ലാസ് വിദ്യാർഥിയുടെ നാടകം പൊളിച്ച് പൊലീസ്. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലാണ് സംഭവം.
മഞ്ചൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭദ്ദൂർപൂർ ഗ്രാമത്തിൽ താമസിക്കുന്ന 15 കാരനാണ് സിനിമയെ വെല്ലുന്ന കഥ മെനഞ്ഞത്. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി ആണ് വീട്ടിൽ ബൈക്ക് ഓടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വീട്ടുകാർ കാണാതെ മോട്ടോർസൈക്കിളുമായി പുറത്തുപോയത്. ഏറെ നേരം പുറത്ത് കറങ്ങിയ ശേഷം തിരികെ വീട്ടിലെത്തുമ്പോൾ വീട്ടുകാർ ചോദ്യം ചെയ്യുമെന്നും ശകാരിക്കുമെന്നും ഭയന്നാണ് ഇത്തരമൊരു കള്ളക്കഥ കെട്ടിച്ചമച്ചതെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ശുചിമുറിയിൽ പോയി തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ രണ്ട് അപരിചിതർ അതിക്രമിച്ചു കയറിയെന്നും തന്നെ കൈകെട്ടി വായ് പൊത്തി ബൈക്ക് സഹിതം തട്ടിക്കൊണ്ടുപോയി കൊക്രാജ് ഭാഗത്തേക്ക് കൊണ്ടുപോയെന്നുമായിരുന്നു വിദ്യാർഥി ആദ്യം പൊലീസിനോട് പറഞ്ഞത്. കൊക്രാജിലേക്കുള്ള വഴിയിൽ റോഹി ഓവർബ്രിഡ്ജിന് സമീപം വെച്ച് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് ചാടി അതിസാഹസികമായി രക്ഷപ്പെട്ടെന്നും വിദ്യാർഥി മൊഴി നൽകി.
അതേസമയം ഇതിന് മുൻപ് തന്നെ വിദ്യാർഥിയുടെ പിതാവ് ആശിഷ് കുമാർ മകനെ ബൈക്കിനൊപ്പം കാണാനില്ലെന്ന് തേവ പൊലീസ് ഔട്ട്പോസ്റ്റിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ ആരംഭിക്കുന്നതിനിടെയാണ് രാവിലെ 11.30 ഓടെ യുപി 112 എമർജൻസി സർവീസിലേക്ക് തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച കോൾ എത്തിയത്. കൊക്രാജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഹി ഓവർബ്രിഡ്ജിന് സമീപത്ത് നിന്നായിരുന്നു കോൾ.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബൈക്കിനൊപ്പം വിദ്യാർഥിയെ കണ്ടെത്തുകയായിരുന്നു. രണ്ട് പേർ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്നായിരുന്നു കുടുംബവും ആദ്യം പറഞ്ഞത്. എന്നാൽ ഡിവൈഎസ്പി സൗരഭ് സാവന്തിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർഥി വഴക്കിൽ നിന്ന് രക്ഷപ്പെടാൻ താനുണ്ടാക്കിയ കള്ളക്കഥയാണെന്ന് സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.