ഫോണിലൂടെ മുത്തലാഖ് ചൊല്ലി ബന്ധം ഉപേക്ഷിച്ചെന്ന് പരാതി; ഭർത്താവ് ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്
ലഖ്നോ: ഉത്തർപ്രദേശിൽ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാല്ലിയ ജില്ലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനൊടുവിലാണ് ഭർത്താവ് ഫോണിലൂടെ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം ഉപേക്ഷിച്ചതായി അറിയിച്ചത്.
റുക്സാർ എന്ന യുവതിയാണ് തന്റെ ഭർത്താവായ മൊഹമ്മദ് ആരിഫിനും മറ്റ് അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭാരതീയ ന്യായ സംഹിതയുടെയും സ്ത്രീധന നിരോധന നിയമത്തിന്റെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2022 ജൂൺ 17-നായിരുന്നു റുക്സാർ ആരിഫുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ തുടക്കം മുതൽ തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
ഏകദേശം ഒരു വർഷം മുമ്പ് തൊഴിലിനായി ഗൾഫ് രാജ്യത്തേക്ക് പോയ ആരിഫ് അവിടെയെത്തിയ ശേഷവും ഫോണിലൂടെ നിരന്തരം സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് യുവതി അറിയിച്ചതോടെയാണ് ഇയാൾ പ്രകോപിതനായത്. തുടർന്ന് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയാണെന്നും തങ്ങൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും ഇയാൾ വിളിച്ചുപറയുകയായിരുന്നു.
ഇതിനുപുറമെ ഭർത്താവിന്റെ വീട്ടുകാർ തന്നെ ക്രൂരമായി മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും റുക്സാർ പറയുന്നു. തങ്ങളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചുകുട്ടിയുമായി തന്നെയും വീട്ടിൽ നിന്നും ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബാല്ലിയ സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ഇരാജ് രാജ അറിയിച്ചു. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതും ഏകപക്ഷീയമായ രീതിയിൽ മുത്തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.