ഡൽഹിയിൽ നവംബർ ഒന്നിലെ കോൺഗ്രസ് റാലിക്ക് അനുമതി, അഞ്ചിനു മുമ്പ് പിരിയണം; കടുത്ത നിബന്ധനകളുമായി പൊലീസ്

ന്യൂഡൽഹി: രാംലീല മൈതാനിയിൽ നവംബർ ഒന്നിന് നടക്കുന്ന കോൺഗ്രസിന്റെ റാലിക്ക് അനുമതി നൽകി ഡൽഹി പൊലീസ്. ഒക്ടോബർ 17ന് നൽകിയ എൻഒസി റദ്ദാക്കിയിട്ടില്ലെന്നും അത് നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വേദി നിഷേധിച്ചെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് വിശദീകരണം.

തെരഞ്ഞെടുപ്പ് കമീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായാണ് റാലി. ബിജെപിക്കെതിരായ വോട്ട് ചോരി ആരോപണവും എസ്ഐആർ ക്രമക്കേടും ഉന്നയിച്ചാണ് കോൺഗ്രസും ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷികളും പ്രചാരണം ശക്തമാക്കുന്നത്. ഇതിന്റെ തുടക്കമായാണ് ഒക്ടോബർ 30ന് 'പബ്ലിക് ഇംപീച്ച്മെന്റ്' പരിപാടി പ്രഖ്യാപിച്ചത്.

അശോക് ഹോട്ടലിൽ പരിപാടി നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പൊലീസ് ഇടപെട്ട് വേദിയുടെ അനുമതി റദ്ദാക്കിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചിരുന്നു. ഒക്ടോബർ 25 മുതൽ നവംബർ മൂന്നുവരെ രാംലീല മൈതാനി ബുക്ക് ചെയ്തിട്ടുണ്ടെന്നും സാഹചര്യം മൂലമാണ് അവിടേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മൈതാനത്ത് സജ്ജീകരണങ്ങൾ ഒരുക്കാൻ എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞുവെന്ന ആരോപണവും ഉയർന്നിരുന്നു.

അനുമതിക്ക് പിന്നാലെ പൊലീസ് കർശന ഉപാധികളാണ് മുന്നോട്ടുവെച്ചത്. റാലി വൈകീട്ട് അഞ്ചിന് തന്നെ അവസാനിപ്പിക്കണം. സമയം ഒരു കാരണവശാലും നീട്ടി നൽകില്ല. പരിപാടി കഴിഞ്ഞ ഉടൻ ആളുകൾ പിരിഞ്ഞുപോകണം. മൈതാനത്ത് രാത്രി തങ്ങാൻ ആർക്കും അനുമതിയില്ല. മൈതാനത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രകടനമായോ മാർച്ചായോ പോകാനും പാടില്ല. വാഹനങ്ങൾ ട്രാഫിക് പൊലീസ് പറയുന്ന സ്ഥലത്ത് മാത്രമേ പാർക്ക് ചെയ്യാവൂ.

സുരക്ഷയുടെ ഭാഗമായി സ്റ്റേജ്, പ്രവേശന കവാടങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവിടങ്ങളിലെല്ലാം സിസിടിവി വെക്കണം. ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാൻ അഞ്ച് മോണിറ്ററുകളുള്ള കൺട്രോൾ റൂമും വേണം. കുടിവെള്ളം, ശുചിമുറികൾ, സ്ത്രീകൾക്ക് പ്രത്യേക സൗകര്യം എന്നിവ സംഘാടകർ ഒരുക്കണം. യൂണിഫോം അല്ലെങ്കിൽ ബാഡ്ജ് ധരിച്ച വളണ്ടിയർമാർ വേണം. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല. ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പ്രസംഗം ഉണ്ടായാൽ ഉടൻ മൈക്ക് ഓഫ് ചെയ്ത് പ്രസംഗകനെ വേദിയിൽ നിന്ന് മാറ്റണം. ക്ഷണിതാക്കളുടെയും വളണ്ടിയർമാരുടെയും പട്ടിക, പരിപാടിയുടെ സമയക്രമം, ബസുകളുടെ എണ്ണവും നമ്പറും തുടങ്ങിയവ മുൻകൂട്ടി നൽകണം. ലംഘനമുണ്ടായാൽ നിയമനടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Delhi Police Congress Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.