അടിവേരുകൾ കാസർകോട്ടും കോട്ടയത്തും; ഇതാ,കർണാടക രാഷ്ട്രീയത്തിലെ മലയാളി വിജയഗാഥകൾ

ബംഗളൂരു: ഡി.കെയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭയിലെ മലയാളി സാന്നിധ്യമാണ് യു.ടി. ഖാദറും കെ.ജെ ജോർജും. 2023 മെയ് മുതൽ കർണാടക നിയമസഭയുടെ പതിനേഴാമത് സ്പീക്കറായി സേവനമനുഷ്ഠിക്കുന്ന യു.ടി. ഖാദർ ഫരീദിന്‍റെ ജനനം കാസർകോട്ടെ ഉപ്പളയിലാണ്. കർണാടക നിയമസഭാ ചരിത്രത്തിൽ ഈ സ്ഥാനം വഹിക്കുന്ന ആദ്യ മുസ്‍ലിമാണ് യു.ടി. ഖാദര്‍.

പിതാവ്: ഹാജി യു.ടി. ഫരീദ്, മാതാവ്: നസീമ. ഭാര്യ: ലമീസ് ഖാദർ. മുമ്പ് ആരോഗ്യ-കുടുംബക്ഷേമം, ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, നഗരവികസനം, ഭവന നിർമാണം എന്നിവയുടെ കാബിനറ്റ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക നിയമസഭയിലെ മംഗലാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നാലുതവണ എം.എൽ.എയായി.

2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്ന് വിജയിച്ച ഏക കോൺഗ്രസ് എം.എൽ.എ ആയിരുന്നു. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബി.ജെ.പിയുടെ സന്തോഷ് കുമാർ റായിയെ 19,739 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സതീഷ് കുമ്പളയെ 22,977 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം കൊയ്തത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ 2013 മെയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്നു. മുമ്പ് കർണാടക നിയമസഭയുടെ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവായിരുന്നു.

നിലവില്‍ കർണാടക സർക്കാരിൽ ഊർജ്ജ കാബിനറ്റ് മന്ത്രിയായും സർവജ്ഞനഗറിനെ പ്രതിനിധീകരിക്കുന്ന കർണാടക നിയമസഭയിലെ അംഗമായും സേവനമനുഷ്ഠിക്കുന്ന കേളചന്ദ്ര ജോസഫ് ജോർജും ഡി.കെ. ശിവകുമാറിന്‍റെ മന്ത്രിസഭയില്‍ ഇടം നേടിയിട്ടുണ്ട്.

എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിൽ വൻകിട, ഇടത്തരം വ്യവസായ മന്ത്രിയായിരുന്നു അദ്ദേഹം. ബംഗളൂരു വികസന, നഗരാസൂത്രണ മന്ത്രി, കർണാടക ആഭ്യന്തര മന്ത്രി, വീരേന്ദ്ര പാട്ടീൽ സർക്കാരിൽ ഗതാഗത, ഭക്ഷ്യ, സിവിൽ സപ്ലൈസ് സഹമന്ത്രി, എസ്. ബംഗാരപ്പ സർക്കാരിൽ ഭവന, നഗരവികസന കാബിനറ്റ് മന്ത്രിയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1949 ആഗസ്റ്റ് 24 ന് കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് കെ.സി. ജോസഫിന്‍റെയും മറിയാമ്മ ജോസഫിന്‍റെയും മകനായി ജനനം. 1960 കളിലാണ് അദ്ദേഹത്തിന്‍റെ കുടുംബം കർണാടകയിലെ കുടക് ജില്ലയിലേക്ക് ചേക്കേറിയത്. ബാല്യം കുടകിലായിരുന്നു ചെലവഴിച്ചത്.

1969ൽ ഗോണിക്കോപ്പൽ ടൗൺ യൂത്ത് കോൺഗ്രസിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1975, 1978 കാലഘട്ടത്തില്‍ കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ട്രഷറര്‍, 1982- 1985 അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്നു.

പിന്നീട് കെ. എച്ച്. രംഗനാഥ്, എൻ. ധരം സിങ്, എസ്.എം. കൃഷ്ണ , വി.എസ്. കൗജൽഗി, അല്ലം വീരഭദ്രപ്പ , മല്ലികാർജുൻ ഖാർഗെ, ഓസ്കാർ ഫെർണാണ്ടസ് , വീരേന്ദ്ര പാട്ടീൽ, ജനാർദന പൂജാരി എന്നിവരുടെ കീഴില്‍ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1985ൽ പഴയ ഭാരതിനഗർ നിയമസഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിന്‍റെ കീഴിൽ ഗതാഗത, ഭക്ഷ്യ, സിവിൽ സപ്ലൈസ് സഹമന്ത്രിയായും മുഖ്യമന്ത്രി ബംഗാരപ്പയുടെ കീഴിൽ ഭവന, നഗരവികസന കാബിനറ്റ് മന്ത്രി എന്നീ നിലകളിലും സേവനം തുടര്‍ന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സർവജ്ഞനഗർ നിയോജകമണ്ഡലത്തിൽനിന്ന് കെ.ജെ. ജോർജ്ജ് വിജയിച്ചു.

എതിരാളിയായ ഭാരതീയ ജനതാ പാർട്ടിയുടെ പത്മനാഭ റെഡ്ഡിക്കെതിരെ 69,673 വോട്ടുകൾ നേടിയാണ് വിജയം. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ജോർജ്ജ് സർവജ്ഞനഗർ നിയോജകമണ്ഡലത്തിൽ നിന്ന് 53,000 ൽ അധികം വോട്ടുകൾക്ക് വിജയിച്ചു. ഭാര്യ. സുജ ജോര്‍ജ്.

News Summary - UT Khader and KJ George: Malayali Faces in DK Shivakumar’s Karnataka Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.