'ഒമ്പത് പേരെ കൊന്നു' എന്ന് ജെ.ഡി.യു നിയമസഭാംഗം; വിവാദമായതോടെ പ്രസ്താവന തിരുത്തി

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്ത് താൻ ഒമ്പത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി മൊക്കാമ മണ്ഡലത്തിൽ നിന്നുള്ള ജെ.ഡി.യു എം.എൽ.എ അനന്ത് സിങ്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ നടത്തിയ പ്രസ്താവന വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ മണിക്കൂറുകൾക്കകം പരാമർശം തിരുത്തി എം.എൽ.എ രംഗത്തെത്തി.

പട്ന ബിരുദധാരികളുടെ എം.എൽ.സി തെരഞ്ഞെടുപ്പിൽ ജെ.ഡി.യു സ്ഥാനാർത്ഥി നീരജ് കുമാറിനെതിരെ പ്രശാന്ത് കിഷോറിന്റെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയായിരുന്നു ആറ് തവണ എം.എൽ.എയായ അനന്ത് സിങ്ങിന്റെ വിവാദ പ്രസ്താവന. അക്കാലത്ത് നിതീഷ് കുമാറിന് യാതൊരു വിലാസവും ഇല്ലായിരുന്നുവെന്നും താൻ അനുഭവിച്ചത്ര ത്യാഗങ്ങൾ മറ്റാരും ചെയ്തിട്ടില്ലെന്നും പറഞ്ഞ സിങ്, നിതീഷിനൊപ്പം നിൽക്കെ താൻ ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്നും കൂട്ടിച്ചേർത്തു.

പ്രസ്താവനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ പ്രതിഷേധമുയരുകയും ചെയ്തതോടെ, ലാലു പ്രസാദ് യാദവ് ഭരണകാലത്ത് നിതീഷിനൊപ്പം നിന്നതിന്റെ പേരിൽ തന്റെ ഒമ്പത് കൂട്ടാളികൾ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വിശദീകരിച്ച് അദ്ദേഹം രംഗത്തുവന്നു. അതേസമയം, എൻ.ഡി.എ സർക്കാറിന്റെ കാലത്ത് ഒമ്പത് പേരെ കൊലപ്പെടുത്തിയതായി എം.എൽ.എ പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്നും ഇതിന് മുഖ്യമന്ത്രി നിതീഷ് കുമാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷമായ ആർ.ജെ.ഡി രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - 'Killed Nine People' Says JDU MLA; Retracts Statement After Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.