യു.എസ് നാടുകടത്തിയ 205 ഇന്ത്യക്കാർ ഇന്നെത്തും; ഉച്ചതിരിഞ്ഞ് അമൃത്‌സറിൽ ലാൻഡിങ്

അമൃത്‌സർ: 205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം ബുധനാഴ്ച ഉച്ചതിരിഞ്ഞ് അമൃത്‌സറിലെ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് വിമാനത്തിലെന്നാണ് വിവരം. സി-17 മിലിറ്ററി വിമാനം പുലർച്ചെ ലാൻഡ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പുലർച്ചെ വിമാനം എത്തുന്നതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പിന്നീട് അധികൃതർ അറിയിച്ചത്.

തിരിച്ചയക്കുന്നവരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിൽ ഇതിനായി പ്രത്യേകം കൗണ്ടറുകൾ തുറന്നിട്ടുണ്ട്. യു.എസിന്റെ തീരുമാനത്തിൽ നിരാശയുണ്ടെന്ന് പഞ്ചാബ് സർക്കാർ പ്രതികരിച്ചിരുന്നു. അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കായി സംഭാവന നൽകിയവരെ തിരിച്ചയക്കുന്നതിനു പകരം സ്ഥിരതാമസത്തിന് അവസരം നൽകുകയാണ് വേണ്ടതെന്ന് പ്രവാസികാര്യ മന്ത്രി കുൽദീപ് സിങ് ധലിവാൽ പറഞ്ഞു.

അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. നാടുകടത്തിലിന്റെ ഒന്നാം ഘട്ടത്തില്‍ ഏകദേശം മൂവായിരത്തോളം ആളുകളെയായിരിക്കും ഇന്ത്യയിൽ എത്തിക്കുക. മറ്റ് വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തും.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്. ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി.

Tags:    
News Summary - US Plane Carrying 205 Deported Indians To Land In Amritsar In Afternoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.