250ലേറെ ഭക്ഷ്യഉൽപ്പന്നങ്ങളുടെ തീരുവ കുറച്ച് യു.എസ്; ഇന്ത്യൻ കയറ്റുമതിയെ എങ്ങനെ ബാധിക്കും?

ന്യൂഡൽഹി: ആഭ്യന്തര പണപ്പെരുപ്പം കുറക്കുന്നതിന്റെ ഭാഗമായി വിവിധ തരം കാർഷിക, സംസ്കരിച്ച ഭക്ഷ്യവസ്തുക്കളെ പകരച്ചുങ്കത്തിൽ നിന്ന് യു.എസ് ഒഴിവാക്കി. ഇന്ത്യൻ കയറ്റുമതിക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. കഴിഞ്ഞ ഏപ്രിലിൽ ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇന്ത്യൻ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു.

കാപ്പി, ചായ, സീസണൽ പഴവർഗങ്ങൾ, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് നിരവധി ഉൽപ്പന്നങ്ങൾ എന്നിവയുടെ തീരുവ യു.എസ് സർക്കാർ നിർത്തലാക്കുകയാണെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ടാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ വർഷം ആഗസ്റ്റിൽ ഏർപ്പെടുത്തിയ രാജ്യാടിസ്ഥാനത്തിലുള്ള പകരച്ചുങ്കത്തിൽ നിന്ന് ഒഴിവാക്കിയ സാധനങ്ങളുടെ പുതുക്കിയ പട്ടികയും വൈറ്റ്ഹൗസ് പുറത്തിറക്കി. 229 കാർഷിക ഇനങ്ങൾ ഉൾപ്പെടെ 254 ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്ന ഇളവുകൾ ഇന്ത്യയുടെ യു.എസിലേക്കുള്ള കയറ്റുമതിയുടെ ഏതാണ്ട് 100 കോടി ബില്യൺ ഡോളറാണ്.

യു.എസ് തീരുവ വെട്ടിക്കുറച്ചത് ഇന്ത്യൻ കയറ്റുമതിയെ എങ്ങനെ ബാധിക്കും?

200ലേറെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ നിന്ന് പകരച്ചുങ്കം നീക്കം ചെയ്യുന്നതിനുള്ള യു.എസ് തീരുമാനം ഇന്ത്യൻ കർഷകർക്ക് അനുകൂലമാണ്. ട്രംപ് തീരുവ വർധിപ്പിച്ചത് മുതൽ മാന്ദ്യത്തിലായിരുന്നു ഇന്ത്യൻ കയറ്റുമതി. ഇന്ത്യക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത് കാർഷിക മേഖല ഉൾപ്പെടെയുള്ള നിർണായക മേഖലകളെ ബാധിച്ചു. ഈ തീരുവ പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 12 ശതമാനം ഇടിഞ്ഞ് 5.43 ബില്യൺ ഡോളറായി.

ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ കയറ്റുമതികളെയാണ് തീരുവ പ്രഖ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചത്. അതേസമയം, മാസങ്ങൾ നീണ്ട ഇടിവിന് ശേഷം തീരുവ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പുനരാരംഭിക്കാൻ കാരണമാകും. ഇളവ് പ്രഖ്യാപനം കുറഞ്ഞത് 2.5 ബില്യൺ ഡോളറിന്റെ കയറ്റുമതിക്ക് ഗുണം ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറൽ അജയ് സഹായ് പറഞ്ഞു.

ഇന്ത്യ, തൈം ഒഴികെയുള്ള മിക്ക സുഗന്ധവ്യഞ്ജനങ്ങളും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഏതാണ്ട് 358 മില്യൺ ഡോളറിന്റെ കയറ്റുമതിയാണിത്. 82 മില്യൺ ഡോളറിലേറെ വിലവരുന്ന ചായ, കാപ്പി ഉൽപ്പന്നങ്ങളും കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ എന്നീ കയറ്റുമതി ഉൽപ്പന്നങ്ങളുടെ പ്രധാന ഉറവിടവും ഇന്ത്യൻ വിപണിയാണ്.

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജി.ടി.ആർ.ഐ) റിപ്പോർട്ട് അനുസരിച്ച് സുഗന്ധ വ്യഞ്ജനങ്ങൾ പോലുള്ള പ്രത്യേക ഉൽപ്പന്നങ്ങളാണ് ഇന്ത്യ യു.എസിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കുരുമുളക്, കാപ്സിക്കം, ഇഞ്ചി, മഞ്ഞൾ, കറിയിൽ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ, ജീരകവിത്തുകൾ, ഏലം, ചായ, കൊക്കോ ബീൻസ്, കറുവപ്പട്ട, ഗ്രാമ്പൂ, പഴ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. തക്കാളി, സിട്രസ് പഴങ്ങൾ, തണ്ണിമത്തൻ, വാഴപ്പഴം, പഴച്ചാറുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ തീരുവ യു.എസ് വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ഈ ഉൽപ്പന്നങ്ങൾ നാമമാത്ര അളവിലേയുള്ളൂ.

Tags:    
News Summary - US cuts tariffs on over 250 food products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.