ന്യൂഡൽഹി: ഇന്ത്യയിൽ വോട്ടിങ് ശതമാനം കൂട്ടാനുള്ള ‘യു.എസ് എയ്ഡി’ന്റെ 21 ദശലക്ഷം അമേരിക്കൻ ഡോളർ ഫണ്ട് ‘ കൈക്കൂലി പദ്ധതിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ചത് അങ്ങേയറ്റം ആശങ്കജനകമാണെന്ന് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിലുള്ള വിദേശ കൈകടത്തലാണിതെന്നും കേന്ദ്ര സർക്കാർ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതാദ്യമായാണ് ‘യു.എസ് എയ്ഡ്’ ഫണ്ടിങ് വിവാദത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫണ്ടിങ് ആരോപണം ട്രംപ് ആവർത്തിച്ചതിനിടെ ഇന്ത്യയിൽ വിവാദം കൊഴുത്തു. ബി.ജെ.പി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ വിദേശ ഫണ്ട് വാങ്ങിയത് കോൺഗ്രസ് ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കോൺഗ്രസ് സർക്കാറുകൾക്കെതിരെ പ്രവർത്തിക്കാൻ വിദേശ ഫണ്ട് വാങ്ങിയത് ആർ.എസ്.എസും ബി.ജെ.പിയുമാണെന്നാണ് കോൺഗ്രസ് ആരോപണം. വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിൽ കോൺഗ്രസ് സർക്കാറുകളെ അസ്ഥിരപ്പെടുത്താൻ ആർ.എസ്.എസ്.എസും ബി.ജെ.പിയും ചെയ്ത പാപങ്ങൾ മറച്ചുവെക്കാനുള്ള വിവാദം മാത്രമാണ് 21 ദശലക്ഷം ഡോളർ യു.എസ് എയ്ഡിന്റെ കഥയെന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ബോധവത്കരിക്കാനുള്ള 21 ദശലക്ഷം ഡോളർ ഇന്ത്യയിലേക്ക് വന്നിട്ടില്ലെന്നും ബംഗ്ലാദേശിലേക്കാണ് പോയതെന്നുമുള്ള മാധ്യമ റിപ്പോർട്ടും അവർ ഉദ്ധരിച്ചു.
ന്യൂഡൽഹി: യു.എസ് എയ്ഡ് സ്വീകരിച്ച് ഇന്ത്യയിൽ ആർ.എസ്.എസ്.എസും ബി.ജെ.പിയും നടത്തിയ പ്രവർത്തനങ്ങളുടെ പട്ടിക കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു. ഇതുകൊണ്ടാണ് ഇന്ത്യയിലെ യു.എസ് എയ്ഡ് ഫണ്ടിങ്ങിൽ ധവളപത്രം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ 1974ൽ ഇന്ദിര ഗാന്ധിക്കെതിരെ ജയപ്രകാശ് നാരായൺ നടത്തിയ പ്രസ്ഥാനത്തിന് അമേരിക്കൻ പിന്തുണയുണ്ടായിരുന്ന കാര്യം ഖേര ചൂണ്ടിക്കാട്ടി.
1966ൽ ഗോഹത്യാവിരുദ്ധ റാലി സംഘടിപ്പിക്കാൻ ആർ.എസ്.എസിന് പണം നൽകിയത്, എ.ഐ.സി.സി പ്രസിഡന്റായിരുന്ന കാമരാജിനെ വധിക്കാൻ ആർ.എസ്.എസ് പദ്ധതിയിട്ടത്, കോൺഗ്രസ് സർക്കാറിനെ അധികാരത്തിൽ നിന്നിറക്കാൻ അണ്ണാ ഹസാരെ- അരവിന്ദ് കെജ്രിവാൾ ടീമിന്റെ ‘ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ മൂവ്മെന്റ് വിദേശ സഹായം സ്വീകരിച്ചത്,മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി കഴിഞ്ഞ ജനുവരിയിൽ അമേരിക്കയിൽ യു.എസ് എയ്ഡ് പരിപാടിയിൽ പങ്കെടുത്തത്, 2024 ജനുവരിയിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ റെയിൽവേക്കായി യു.എസ് എയ്ഡുമായി ഒപ്പിട്ടത്, യു.എസ് എയ്ഡ് അഡ്മിനിസ്ട്രേറ്റർ രാജീവ് ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ൽ കൂടിക്കാഴ്ച നടത്തിയത്, മോദിയുടെ ശുചിത്വ കാമ്പയിന് 73 നഗരങ്ങളിൽ യു.എസ് എയ്ഡ് സഹായം നൽകിയത്, മോദി ആർ.എസ്എസ് പ്രവർത്തകൻ ആയിരിക്കേ 1993ൽ യു.എസ് എയ്ഡ് ഫണ്ടിങ്ങിൽ അമേരിക്ക സന്ദർശിച്ചത്, ആർ.എസ്.എസും ബി.ജെ.പിയും യു.എസ് എയ്ഡ് അടക്കമുള്ള വിദേശ ഫണ്ട് വാങ്ങിയത് തുടങ്ങിയവക്ക് നിരവധി തെളിവുകളുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.