ന്യൂഡല്‍ഹി: കാല്‍നടയായി സ്വന്തം വീടുകളിലേക്ക് കിലോമീറ്ററുകള്‍ നടക്കുന്നവരെ എങ്ങനെ തടയാനാകുമെന്ന് സുപ്രീംകോടതി. ആരൊക്കെയാണ് നടക്കുന്നത്, ആരൊക്കെയാണ് നടക്കാതിരിക്കുന്നത് എന്ന് നോക്കാന്‍ സുപ്രീംകോടതിക്കാവില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കാല്‍നടയായി പോകുന്ന തൊഴിലാളികള്‍ അവരുടെ വീടുകളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ല മജിസ്േട്രറ്റുമാര്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി ഇൗ പരാമർശം നടത്തിയത്.
മഹാരാഷ്ട്രയിലെ ഒൗറംഗാബാദില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന 16 തൊഴിലാളികള്‍ െറയിൽവേ ട്രാക്കില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ തൊഴിലാളികളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അലഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹരജിയോടാണ് രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി പ്രതികരിച്ചത്.
ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് നാഗേശ്വര റാവുവിെൻറ അഭിപ്രായം പങ്കുവെച്ച ജസ്റ്റിസ് എസ്.കെ. കൗളും ഹരജിക്കാരനെ വിമര്‍ശിച്ചു. പത്രങ്ങളിലെ വിവരങ്ങള്‍ വെച്ച് ഓരോ അഭിഭാഷകരും പെട്ടെന്ന് വന്ന് ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം തീര്‍പ്പാക്കാന്‍ ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് കൗള്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ പോയി സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിക്കുമോ എന്ന് ജസ്റ്റിസ് കൗള്‍ പരിഹാസത്തോടെ ചോദിച്ചു. ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു സ്പെഷല്‍ പാസ് തരാമെന്നും പോയി പരിശോധിക്ക് എന്നുപറഞ്ഞ് പരിഹസിക്കാനും ജസ്റ്റിസ് കൗള്‍ മുതിര്‍ന്നു.
ആളുകള്‍ വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കോപാകുലരായി നടന്നുപോകുന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. നടക്കരുതെന്ന് ജനങ്ങളോട് പറയാന്‍ മാത്രമേ സര്‍ക്കാറിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റോഡിലൊരു മനുഷ്യന് പോലും കാല്‍നടയായി പോകുന്നില്ലെന്ന് നേരത്തേ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സര്‍ക്കാര്‍ ഇതിനകം ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാദിച്ചു.
സര്‍ക്കാര്‍ അന്തർ സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നുണ്ടെന്നും എന്നാല്‍, അവര്‍ അവരുടെ സമയമാകുന്നത് കാത്തുനില്‍ക്കാതെ നടന്നു തുടങ്ങുകയാണെന്നും മേത്ത കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഉടമ്പടി അനുസരിച്ച് എല്ലാ തൊഴിലാളിക്കും അവസരം ലഭിക്കുമെന്നും നടന്ന് നാട്ടിലേക്ക് പോകുന്നതിനു പകരം തങ്ങളുടെ സമയം വരുന്നതിന് അവര്‍ കാത്തിരിക്കുകയാണ് വേണ്ടതെന്നും മേത്ത കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.