യു.പിയിൽ പരാതിക്കാരനെ കോഴിയെപ്പോലെ ഇരുത്തിയെന്ന്; എസ്.ഡി.എമ്മിനെതിരെ അന്വേഷണം

ബറേലി: ഉത്തർപ്രദേശിൽ പരാതി പറയാനെത്തിയയാളെ കോഴിയെപ്പോലെ നിലത്തിരുത്തിയതായി സബ് ഡിവിഷനൽ മജിസ്ട്രേറ്റി (എസ്.ഡി.എം) നെതി​രെ പരാതി. ബറേലിയിലെ മിർഗഞ്ച് എസ്.ഡി.എം ഉദിത് പവാറിനെതിരെയാണ് ആരോപണം. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും സ്ഥലം മാറ്റിയതായും ബറേലി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവകാന്ത് ദ്വിവേദി പറഞ്ഞു. അതേസമയം, താൻ ആരോടും അങ്ങനെ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നെ സമ്മർദത്തിലാക്കാൻ ഗ്രാമീണൻ സ്വയം ചെയ്തതാണെന്നും എസ്.ഡി.എം ഉദിത് പവാർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി​. ഗ്രാമത്തിലെ തന്റെ ഭൂമി കയ്യേറി ശ്മശാനത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിപ്പെടാനാണ് ഉത്തർപ്രദേശിലെ മന്ദൻപൂർ ഗ്രാമ വാസിയായ ഇയാളും മറ്റുചിലരും എസ്ഡിഎമ്മിനെ സമീപിച്ചത്. തുടർന്ന് പരാതിക്കാരനോട് കോഴിയെപ്പോലെ മുട്ടുകുത്തി ഇരിക്കാൻ എസ്.ഡി.എം ആവശ്യപ്പെട്ടു എന്നാണ് ആരോപണം. എസ്.ഡി.എം തന്റെ ഓഫിസ് കസേരയിൽ ഇരിക്കുന്നതും പരാതിക്കാരൻ കോഴിയെപ്പോലെ മുമ്പിൽ മുട്ടുകുത്തി ഇരിക്കുന്നതും വിഡിയോയിൽ കാണാം.

എന്നാൽ, വിഷയം കെട്ടിച്ചമച്ചതാണെന്നും തന്റെ മുന്നിൽ മുട്ടുകുത്താൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്.ഡി.എം ഉദിത് പവാർ പറഞ്ഞു. ‘ശ്മശാനഭൂമി വിഷയത്തിൽ നടപടിയെടുക്കാൻ സമ്മർദം ചെലുത്താൻ ഗ്രാമീണൻ തന്നെ തന്റെ മുന്നിൽ വിവാദരീതിയിൽ ഇരിക്കുകയായിരുന്നു. ഭൂമി കൈയേറ്റം സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും അവരോട് പറഞ്ഞിരുന്നു’ - ഉദിത് പവാർ മാധ്യമങ്ങളോട് പറഞ്ഞു. ശരിയായ അന്വേഷണം നടത്താതെ പ്രസ്തുത വിഷയത്തിൽ നടപടിയെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തന്നെ കുടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രസ്തുത വിഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്.ഡി.എമ്മിനെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും ബറേലി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവകാന്ത് ദ്വിവേദി പറഞ്ഞു.


Tags:    
News Summary - UP ‘Murga’ Scandal: Villager Made To Sit In Humiliating Position In Front Of SDM In Bareilly; Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.