പി.​എ​ഫ്, പെ​ൻ​ഷ​ൻ ക്ലെ​യിം: 20 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്ക​ണം; വീ​ഴ്ച​ക്ക് 12 ശ​ത​മാ​നം പി​ഴ​പ്പ​ലി​ശ

ന്യൂഡൽഹി: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായി കേന്ദ്ര തൊഴിൽ മന്ത്രാലയം പുതിയ ഇ.പി.എഫ്.ഒ പദ്ധതിയുടെ വിജ്ഞാപനം പുറത്തിറക്കി. പ്രോവിഡന്റ് ഫണ്ട് പിൻവലിക്കൽ, പെൻഷൻ അനുവദിക്കൽ, ഇൻഷുറൻസ് ആനുകൂല്യം എന്നിവ സംബന്ധിച്ച അപേക്ഷകൾ 20 ദിവസത്തിനകം തീർപ്പാക്കണം. മതിയായ കാരണമില്ലാതെ ഇതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ക്ലെയിം തുകക്ക് 12 ശതമാനം വാർഷിക നിരക്കിൽ പിഴപ്പലിശ ഈടാക്കും. ഈ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നായിരിക്കും ഈടാക്കുക.

1995ലെ പ്രോവിഡന്റ് ഫണ്ട് സ്കീം, 1971ലെ പെൻഷൻ പദ്ധതി, 1976ലെ നിക്ഷേപബന്ധിത ഇൻഷുറൻസ് പദ്ധതി എന്നിവക്ക് പകരമാണ് എംേപ്ലായീസ് പ്രോവിഡന്റ് ഫണ്ട് സ്കീം 2026 അവതരിപ്പിച്ചത്. പുതിയ സ്കീം ജൂൺ 29ന് നിലവിൽ വന്നു. സുപ്രീംകോടതി അംഗീകരിച്ച ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നവർക്ക് 15,000 രൂപ ശമ്പളപരിധിക്ക് മുകളിലുള്ള യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കി പെൻഷൻ പദ്ധതിയിലേക്ക് വിഹിതം കണക്കാക്കുന്നത് പുതിയ പദ്ധതിയുടെ ഭാഗമാക്കി. പ്രതിമാസ പെൻഷൻ കണക്കാക്കുന്നതിനുള്ള ശരാശരി ശമ്പളം അവസാന 60 മാസത്തേതായി തുടരും. കുറഞ്ഞ പ്രതിമാസ പെൻഷൻ 1,000 രൂപ എന്നതിലും മാറ്റമില്ല. 7,500 രൂപ ആക്കണമെന്ന ആവശ്യം വിവിധ തൊഴിലാളി സംഘടനകളും പെൻഷൻകാരും ഉന്നയിക്കുന്നുണ്ടെങ്കിലും, നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല.

പി.എഫ് പദ്ധതിയിൽ ജീവനക്കാരും തൊഴിലുടമകളും നൽകുന്ന വിഹിതത്തിലും മാറ്റമില്ല. നിലവിലുള്ളതുപോലെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതം ജീവനക്കാരനും തൊഴിലുടമയും നൽകണം. തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് 8.33 ശതമാനം പെൻഷൻ പദ്ധതിയിലേക്ക് പോകുന്നതും കേന്ദ്ര സർക്കാർ 1.16 ശതമാനം സബ്സിഡിയായി നൽകുന്നതും തുടരും. പെൻഷൻ അർഹത സംബന്ധിച്ച വ്യവസ്ഥകളും പഴയതുപോലെ തുടരും. പെൻഷന് അർഹത നേടാൻ കുറഞ്ഞത് 10 വർഷത്തെ യോഗ്യമായ സേവനകാലം ഉണ്ടായിരിക്കണം. 10 വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് 50 വയസ്സ് മുതൽ നേരത്തേയുള്ള പെൻഷൻ സ്വീകരിക്കാം.

എന്നാൽ, സാധാരണ വിരമിക്കൽ പ്രായത്തിനു മുമ്പ് പെൻഷൻ സ്വീകരിച്ചാൽ, ഓരോ വർഷത്തിനും പെൻഷൻ തുക നാലു ശതമാനം വീതം കുറയും. എല്ലാ സേവനങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി അംഗങ്ങൾക്ക് കാലതാമസമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് പുതിയ പദ്ധതികളുടെ പ്രധാന ലക്ഷ്യം. അതിനായി തൊഴിലുടമകളും ഇ.പി.എഫ്.ഒയും പൂർണമായും ഡിജിറ്റൽവത്കരിക്കും. ഇതുവഴി അംഗങ്ങൾക്ക് ഓഫിസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ലഭ്യമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഇ.പി.എഫ്.ഒയുടെ നിയന്ത്രണത്തിലുള്ള ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളും പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകളും അംഗങ്ങൾക്ക് ക്ലെയിമുകളും മറ്റ് അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാനും തീർപ്പാക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് പുതിയ ചട്ടങ്ങൾ നിർദേശിക്കുന്നു.

1,800 രൂപക്ക് മുകളിലെ പി.എഫ് വിഹിതം ഇനി നിർബന്ധമല്ല

ന്യൂഡൽഹി: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലേക്കുള്ള (ഇ.പി.എഫ്) പ്രതിമാസ വിഹിതത്തിൽ സുപ്രധാന മാറ്റം വരുത്തി കേന്ദ്ര തൊഴിൽ മന്ത്രാലയം. പുതുതായി വിജ്ഞാപനം ചെയ്ത എംേപ്ലായീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതി-2026 പ്രകാരം, നിലവിലെ 15,000 രൂപ പ്രതിമാസ ശമ്പളപരിധിക്ക് മുകളിലുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന പി.എഫ് വിഹിതം ഇനി നിർബന്ധമല്ല. അതായത്, 15,000 രൂപയുടെ 12 ശതമാനമായ 1,800ന് മുകളിലുള്ള പി.എഫ് വിഹിതം ജീവനക്കാരനും തൊഴിലുടമക്കും ഇഷ്ടമുണ്ടെങ്കിൽ നൽകിയാൽ മതി.

നിലവിലെ ചട്ടപ്രകാരം, അടിസ്ഥാന ശമ്പളം 15,000 വരെയുള്ള ജീവനക്കാർക്ക് ഇ.പി.എഫ് അംഗത്വം നിർബന്ധമാണ്. ശമ്പളം പിന്നീട് വർധിച്ചാൽ അതിെന്റ 12 ശതമാനം വീതം പി.എഫിലേക്ക് വിഹിതം നൽകുന്ന രീതിയാണ് വ്യാപകമായി പിന്തുടർന്നിരുന്നത്. പുതിയ പദ്ധതി പ്രകാരം, കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ശമ്പളപരിധി വരെയുള്ള വിഹിതം മാത്രമാണ് നിർബന്ധമാകുക. നിലവിൽ ഈ പരിധി 15,000 ആയതിനാൽ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും നിർബന്ധിത പി.എഫ് വിഹിതം 1,800 രൂപ വീതമായി പരിമിതപ്പെടും. എന്നാൽ, ജീവനക്കാരനും തൊഴിലുടമയും പരസ്പര സമ്മതത്തോടെ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പി.എഫ് വിഹിതം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പുതിയ ചട്ടം അനുമതി നൽകുന്നു.

അതേസമയം, സുപ്രീം കോടതി വിധിയെ തുടർന്ന് ഉയർന്ന പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേക വ്യവസ്ഥ നിലനിൽക്കും. അത്തരം ജീവനക്കാരുടെ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകേണ്ടത്.

Tags:    
News Summary - PF, Pension Claim: Must be settled within 20 days; 12 percent penalty interest for late payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.