മർദ്ദനമേറ്റ തൊഴിലാളി
ബിയാവർ (രാജസ്ഥാൻ):രാജസ്ഥാനിലെ ബിയാവർ ജില്ലയിൽ മൂന്ന് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും തോക്കിൻമുനയിൽ നിർത്തി നിർബന്ധപൂർവ്വം 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്തതായി പരാതി. ജൂൺ 28 ഞായറാഴ്ചയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പ്രദേശത്തെ ഖനി ഉടമയായ മുകേഷ് മാലിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിൽ. പരിക്കേറ്റ സാജിദ് ഖാൻ, സഹോദരൻ ജുനൈദ്, അനന്തരവൻ സാഹിൽ എന്നിവർ നിലവിൽ അമൃത് കൗർ ആശുപത്രിയിൽ കടുത്ത പരിക്കുകളോടെ ചികിത്സയിലാണ്.
കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. ഝൂത്ത ഗ്രാമത്തിലെ മുകേഷ് മാലിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലെ യന്ത്രം നന്നാക്കാനാണ് തൊഴിലാളികൾ എത്തിയത്. പുലർച്ചെ ഒരു മണിയോടെ പണി പൂർത്തിയാക്കിയ ശേഷം ഇവർ കൂലി ആവശ്യപ്പെട്ടെങ്കിലും പിറ്റേന്ന് തരാമെന്ന് പറഞ്ഞ് മുകേഷ് ഇവരെ മടക്കി അയക്കുകയായിരുന്നു. എന്നാൽ, ഇവർ ഖനിയിൽ നിന്ന് തിരികെ പോകുന്നതിനിടെ മുകേഷ് മാലിയും നാലഞ്ചു പേരും എസ്‌യുവി വാഹനത്തിലെത്തി ഇവരെ തടഞ്ഞുനിർത്തുകയും തോക്കുചൂണ്ടി നിർബന്ധപൂർവ്വം വണ്ടിയിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
തങ്ങളെ രഹസ്യകേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ച് ഇരുമ്പ് പൈപ്പുകളും മൺവെട്ടിയുടെ കൈകളും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ചതായി സാജിദ് ഖാൻ നൽകിയ പരാതിയിൽ പറയുന്നു. "ഞങ്ങൾ നിങ്ങളെ കൊല്ലും" എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ ഇവർക്ക് നേരെ തോക്കുചൂണ്ടുകയും നിർബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്തു. ജീവൻ ഭയന്നാണ് തങ്ങൾ അങ്ങനെ ചെയ്തതെന്ന് ഇരകൾ പറയുന്നു.
പുറംലോകവുമായി ബന്ധപ്പെടാതിരിക്കാനും പൊലീസിനെ വിവരമറിയിക്കാതിരിക്കാനും ഇവരുടെ മൊബൈൽ ഫോണുകൾ അക്രമികൾ തല്ലിത്തകർത്തു.
ക്രൂരമായ മർദ്ദനത്തിനിടയിൽ ജുനൈദിന്റെ തലയിലെ മുടി അക്രമികൾ ബലമായി പിഴുതെടുക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. യുവാക്കളുടെ രഹസ്യഭാഗങ്ങളിൽ അടക്കം മാരകമായി പരിക്കേറ്റിട്ടുണ്ട്. " ക്രൂരത മനുഷ്യത്വത്തിന് നിരക്കാത്തത് മാത്രമല്ല, സാമൂഹിക സൗഹാർദ്ദത്തിനും ക്രമസമാധാന നിലയ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്." - സാജിദ് ഖാന്റെ പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, സംഭവം നടന്ന് ആദ്യം പൊലീസിനെ സമീപിച്ചപ്പോൾ അവരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായതായി ഇരകളുടെ കുടുംബം ആരോപിക്കുന്നു. നിലവിൽ കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, പ്രധാന പ്രതിയായ ഖനി ഉടമ മുകേഷ് മാലി ഇപ്പോഴും ഒളിവിലാണെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ റഹ്മത് കതാത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.