ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പി.എം ശ്രീയിൽ ഒപ്പിട്ടതിൽ സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
സംസ്ഥാനത്തുടനീളം പി.എം ശ്രീ (പ്രൈം മിനിസ്റ്റർ സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) സംരംഭം നടപ്പാക്കുന്നതിനുള്ള ധാരണ പത്രത്തിൽ ഒപ്പുവെച്ചതിന് കേരള സർക്കാറിന് അഭിനന്ദനങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രാലയം അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
‘കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിലും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അനുഭവപരിചയ പഠനം, 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി) അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയുള്ള മികവിന്റെ കേന്ദ്രങ്ങളായി സ്കൂളുകളെ വികസിപ്പിക്കുന്നതിലും ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. നവീകരണത്തെ പരിപോഷിപ്പിക്കുകയും വിദ്യാർഥികളെ ശോഭന ഭാവിക്കായി സജ്ജമാക്കുകയും ചെയ്യുന്ന ഗുണനിലവാരമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണ്’ -മന്ത്രാലയം എക്സിൽ കുറിച്ചു.
പി.എം ശ്രീയിൽ ഒപ്പിട്ടതിൽ സി.പി.ഐ കടുത്ത നടപടി സ്വീകരിക്കാനിരിക്കെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അഭിനന്ദന കുറിപ്പ് പുറത്തുവരുന്നത്. അതേസമയം, കടുത്ത എതിർപ്പിനിടയിലും പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് സി.പിഎം. വിഷയത്തിൽ സി.പി.ഐ ആശങ്ക പരിഹരിക്കുന്നതിനായി വിശദമായ ചർച്ചക്ക് തയാറാണെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. നയംമാറ്റുന്ന പ്രശ്നമില്ലെന്നും പി.എം ശ്രീയിൽ ഒപ്പിടാനുള്ള സാഹചര്യം വ്യക്തമാക്കുമെന്നുമാണ് സി.പി.എം നേതൃത്വം സൂചിപ്പിക്കുന്നത്.
വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മർദം കടുപ്പിച്ചും നിലപാടിൽ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗൺസിൽ യോഗത്തിൽ അറിയിച്ചതിന് പിന്നാലെയാണ് കരാറിൽ ഒപ്പിട്ട വാർത്ത പുറത്തുവന്നത്. രൂക്ഷവിമർശനവുമായി സി.പി.ഐ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും രംഗത്തുവന്നു.
സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.
പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.