മോഹൻ ഭഗവത്

ആർ.എസ്.എസിനെ ബി.ജെ.പിയുടെ കണ്ണിലൂടെ കാണുന്നത് മണ്ടത്തരം -മോഹൻ ഭഗവത്

ബി​.ജെ.പിയെ മനസ്സിലാക്കുന്ന അതേ കണ്ണിലൂടെ ആർ.എസ്.എസിനെ വിലയിരുത്തുന്നത് അബദ്ധമാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. യൂനിഫോമും ശാരീരിക വ്യായാമങ്ങളും ഉണ്ടെങ്കിലും ആർ.എസ്.എസ് അർധസൈനിക സംഘടനയല്ല. വിദേശ ശക്തികളിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കാൻ സമൂഹത്തെ ഒന്നിപ്പിക്കുകയാണ് രാഷ്ട്രീയ സ്വയം സേവക് ലക്ഷ്യമിടുന്നതെന്നും മോഹൻ ഭഗവത് പറഞ്ഞു.

ഞങ്ങൾ യൂനിഫോം ധരിക്കുകയും വടികളുമായി മാർച്ച് നടത്തുകയും വ്യായാമം ചെയ്യാറുമുണ്ട്. എന്നാൽ, ഇതൊരു അർധസൈനിക സംഘടനയാണെന്ന് ധരിക്കുന്നത് അബദ്ധമാ​ണ്. ഇതൊരു സവിശേഷ സംഘടനയാണ്. അതുകൊണ്ട് ആർ.എസ്.എസിനെ മനസ്സിലാക്കി തരിക പ്രയാസമാണ്’- മോഹൻ ഭഗവത് വിശദീകരിക്കുന്നു.

ബി.​ജെ.പിയെ മനസ്സിലാക്കുന്നത് പോലെ സംഘത്തെ മനസ്സിലാക്കാൻ സാധിക്കില്ല. പോഷക സംഘടനയായ വിദ്യാഭാരതിയെ നോക്കിയും ആർ.എസ്.എസിനെ മനസ്സിലാക്കാൻ ശ്രമിക്കരുത്. ഇന്നത്തെ കാലത്ത് വിവരശേഖരണം ഫലപ്രദമായി നടക്കാറില്ല. വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമോ വിവരശേഖരമോ ഇല്ല. മറിച്ച് ഇന്റർനെറ്റിലും വിക്കീപീഡിയയിലും കാണുന്നത് അതേപടി വിശ്വസിക്കുകയാണ് ചെയ്യുന്നത്. അവിടെയുള്ളതെല്ലാം ശരിയാകണമെന്നില്ല. എന്നാൽ, ശരിയായ ഉറവിടങ്ങളിൽ നിന്നും വിവരം ശേഖരിക്കുന്നവർക്ക് സംഘത്തെ മനസ്സിലാക്കാൻ സാധിക്കും’.

ആർ.എസ്.എസിനെ കുറിച്ച് തെറ്റിദ്ധാരണ വ്യാപകമാവുന്ന ഘട്ടത്തിൽ അതിന്റെ ദൗത്യത്തെ കുറിച്ചും സമൂഹത്തിലെ പങ്കിനെക്കുറിച്ചും വിശദീകരിക്കേണ്ടത് ആവശ്യമാണെന്നും ഭഗവത് പറയുന്നു. ‘പ്രബല ശക്തികളോടുള്ള എതിർപ്പിന്റെ ഭാഗമായാണ് സംഘം രൂപീകരിച്ചതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ, അങ്ങനെയല്ല. ആർ.എസ്.എസ് ഒന്നിനോടുമുള്ള പ്രതികരണമോ എതിർപ്പോ അല്ല. മാത്രമല്ല, ആരുമായും മത്സരിക്കുന്നുമില്ല’- ഭഗവത് പറഞ്ഞു.

ആത്മനിർഭർ ആകാൻ ആത്മഗൗരവം അനിവാര്യമാണെന്ന് ഓർമിപ്പിച്ച ആർ.എസ്.എസ് അധ്യക്ഷൻ, സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാനും ഭക്ഷണത്തിലും ഭജനകളിലും അഭിമാനം കൊള്ളാനും ആഹ്വാനം ചെയ്തു. ഭാരതത്തെ മുൻകാലങ്ങളിൽ വിദേശികൾ പരാജയപ്പെടുത്തിയത് നമ്മുടെ ഐക്യമില്ലായ്മ കൊണ്ടാണ്. സ്വാർഥത വെടിഞ്ഞ് സമൂഹം ഒന്നിച്ചാൽ രാജ്യത്തിന്റെ വിധി മാറും. സ്വദേശി ആയിരിക്കുക എന്നതുകൊണ്ട് ലോകവുമായുള്ള വ്യാപാരം വെട്ടിക്കുറക്കുക എന്നല്ല. മറിച്ച്, ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാത്ത മരുന്നുകൾ പോലുള്ള അവശ്യവസ്തുക്കൾ മാത്രം ഇറക്കുമതി ചെയ്യണം. വ്യാപാരം ഒരിക്കലും ഒരു സമ്മർദത്തിലോ താരിഫ് ഭയത്തിലോ ആകരുതെന്നും ഭഗവത് പറഞ്ഞു.

ആർ.എസ്.എസിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ സുരക്ഷിതമാണെന്നും അത് പുറത്തുനിന്നുള്ള ഫണ്ടുകളെയോ സംഭാവനകളെയോ ആശ്രയിക്കുന്നില്ലെന്നും മേധാവി പറഞ്ഞു. തുടക്കത്തിൽ ആർ.‌എസ്‌.എസിനെതിരെ പ്രവർത്തിച്ചത് ബ്രിട്ടീഷ് സർക്കാരായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും സംഘടന കടുത്ത എതിർപ്പും, സമ്മർദങ്ങളും, ആക്രമണങ്ങളും, കൊലപാതകങ്ങളും നേരിടേണ്ടിവരുന്നുണ്ട്. സമ്മർദം ചെലുത്താനും ആർ‌.എസ്‌.എസിനെ തകർക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോൾ കുറഞ്ഞുവരികയാണെന്നും ഭഗവത് കൂട്ടിച്ചേർത്തു.

ആർ.എസ്.എസിനെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങൾ സംഘടനക്കുള്ളിലേക്ക് വരണമെന്ന് ഭാഗവത് പറഞ്ഞു. എന്റെ വാക്കുകളിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ കുഴപ്പമില്ല. പക്ഷേ മനസ്സിലാക്കാൻ ഉള്ള ഏറ്റവും നല്ല മാർഗം അതിനകത്ത് വന്ന് അനുഭവിച്ചറിയുന്നതാണ്. പഞ്ചസാരയുടെ രുചി എത്ര മധുരമാണെന്ന് രണ്ട് മണിക്കൂർ വിശദീകരിക്കുന്നതിനേക്കാൾ നല്ലത് ഒരു ടീസ്പൂൺ പഞ്ചസാര കഴിക്കുന്നതാണ്. അതു പോലെയാണ് ഇതും’- മോഹൻ ഭഗവത് പറഞ്ഞു.

Tags:    
News Summary - Understanding RSS through BJP is a ‘huge mistake’: Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.