അഗ്നിപഥിൽ അനിശ്ചിതത്വം; പിരിഞ്ഞുപോകുന്ന സൈനികരുടെ പുനരധിവാസത്തിന് പദ്ധതികളില്ല

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നിയമിക്കപ്പെടുന്ന യുവ സൈനികരുടെ (അഗ്നിവീർ) ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നാലുവർഷത്തെ സേവനത്തിനുശേഷം പിരിഞ്ഞുപോകുന്ന സൈനികരെ പൊലീസിലും മറ്റുമായി നിയമിക്കുമെന്ന് വിവിധ സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ നയം രൂപവത്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറായിട്ടില്ല. സർക്കാർ ജോലിയിൽ അഗ്നിവീർമാർക്കുള്ള ക്വോട്ട സംസ്ഥാനങ്ങൾ പ്രഖ്യാപിക്കാത്തതും അനിശ്ചിതത്വവും ആശങ്കയും വർധിപ്പിക്കുകയാണ്.

പദ്ധതിക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധം കണക്കിലെടുക്കാതെ കഴിഞ്ഞ 24 മുതൽ അഗ്നിപഥ് പദ്ധതി പ്രകാരം സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ അഗ്നിവീർമാർക്ക് പൊലീസിൽ അവസരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സായുധ പൊലീസ് സേനയിലും (സി.എ.പി.എഫ്.എസ്) അസം റൈഫിൾസിലും പത്തുശതമാനം സംവരണവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അഗ്നിവീർമാർക്ക് സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

സർക്കാർ ജോലി നൽകുമെന്ന് സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്ര എളുപ്പത്തിൽ നടപ്പാക്കാനാകില്ലെന്നാണ് പൊലീസ് റിക്രൂട്ട്മെന്‍റ് ബോർഡുകളിലെ വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാന പൊലീസ് റിക്രൂട്ട്മെന്‍റിൽ ആകെ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല. സൈന്യത്തിൽ ചേരുന്നതിന് സംവരണം ഇല്ലാത്തതിനാൽ അഗ്നിവീർമാർ പൊതുവിഭാഗത്തിലായിരിക്കും ഉൾപ്പെടുക. സംവരണം കഴിഞ്ഞ് പൊതുവിഭാഗത്തിലുള്ള 50ശതമാനം ഒഴിവുകളിലേക്ക് അഗ്നിവീർമാരെ പരിഗണിക്കുമ്പോൾ സംസ്ഥാനങ്ങളിലെ മറ്റു കഴിവുള്ള ഉദ്യോഗാർഥികൾക്ക് പൊലീസിൽ ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇത് പൊലീസിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

പൊലീസ് സേനയിൽ നിയമിക്കപ്പെടുന്ന അഗ്നിവീർമാരുടെയും മറ്റു പൊലീസുകാരുടെയും സീനിയോറിറ്റി സംബന്ധിച്ചും അവ്യക്തതയുണ്ട്. സർക്കാർ ജോലികളിൽ അഗ്നിവീർമാരുടെ സംവരണം സംബന്ധിച്ച കൃത്യമായ നയമില്ലാതെ തിരക്കിട്ട് റിക്രൂട്ട്മെന്‍റ് ആരംഭിച്ചതിനെതിരെ വിമർശനവും ശക്തമാണ്.

അഗ്നിപഥ്: വ്യോമസേനയിലേക്കെത്തിയത് 56,960 അപേക്ഷകൾ

ന്യൂഡൽഹി: രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും അഗ്നിപഥ് റിക്രൂട്ട്മെന്‍റിലൂടെ ഇന്ത്യൻ വ്യോമസേനയിലേക്കെത്തിയത് 56,960 അപേക്ഷകൾ. മൂന്ന് ദിവസങ്ങൾ പിന്നിട്ട രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ അഞ്ചിന് അവസാനിക്കും.

ജൂൺ 14 ന് പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക സേവനപദ്ധതിയായ അഗ്നിപഥിലേക്ക് 17.5 മുതൽ 21 വയസ്സ് പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. നിയമനം ലഭിച്ചവരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാനാകും. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നുവരുകയാണ്.

അക്രമാസക്തമായ പ്രതിഷേധങ്ങളിലും മറ്റും ഏർപ്പെട്ടവരെ പദ്ധതിയിലേക്ക് ഉൾപ്പെടുത്തില്ലെന്ന് സായുധസേന വ്യക്തമാക്കിയിരുന്നു.


Tags:    
News Summary - Uncertainty in the Agnipath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.