മുരശു ചുഴലിക്കാറ്റ്: ആന്ധ്ര തീരത്ത് കാണാതായ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഒങ്കോൾ: മുരശു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിനിടെ ആന്ധ്രപ്രദേശ് തീരത്ത് ബോട്ട് മറിഞ്ഞ് കാണാതായ തമിഴ്‌നാട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ ഒമ്പത് പേരിൽ നാലുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്ന് പ്രകാശം ജില്ലാ കലക്ടർ പി. രാജ ബാബു വ്യാഴാഴ്ച അറിയിച്ചു. ശേഷിക്കുന്ന അഞ്ചുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഒക്ടോബർ 29നാണ് മത്സ്യത്തൊഴിലാളികൾ ചെന്നൈയിൽനിന്ന് കടലിലേക്ക് പോയത്. ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തിൽ ബോട്ടുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് നാല് ബോട്ടുകൾ ആന്ധ്രപ്രദേശ് തീരത്തെ വിവിധ തുറമുഖങ്ങളിൽ അടുപ്പിച്ചു. മൂന്ന് ബോട്ടുകൾ രാമയപട്ടണം തുറമുഖത്തും ഒരെണ്ണം നിസാംപട്ടണം തുറമുഖത്തുമാണ് നങ്കൂരമിട്ടത്.

നിസാംപട്ടണം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നവംബർ രണ്ടിന് മത്സ്യത്തൊഴിലാളികളും ബോട്ടുകളും സുരക്ഷിതരാണെന്ന് തമിഴ്‌നാട് അധികൃതർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ നവംബർ മൂന്നിന് മറ്റ് മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേരുന്നതിനായി ഒമ്പതുപേരും അധികൃതരെ അറിയിക്കാതെ രാമയപട്ടണത്തിലെക്ക് യാത്ര തിരിക്കുകയായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവും നേരിട്ടതോടെ യാത്രക്കിടെ ബോട്ട് മറിഞ്ഞു. അപകടത്തെത്തുടർന്ന് തീരസംരക്ഷണ സേനയെ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 

കണ്ടെത്തിയ നാല് മൃതദേഹങ്ങളിൽ മൂന്നെണ്ണം കോത്തപട്ടണം തീരത്തടിഞ്ഞ നിലയിലും മറ്റൊന്ന് തെരച്ചിലിനിടെയുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയശേഷം തമിഴ്‌നാട് അധികൃതർക്ക് കൈമാറും.

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അപകടത്തിൽപ്പെട്ട ബോട്ട് കരക്കെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ പേരും ചിത്രങ്ങളും തമിഴ്‌നാട് സർക്കാർ കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Cyclone Murasu: Bodies of four missing Tamil Nadu fishermen recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.