വിജയ് മല്യയേയും നീരവ് മോദിയേയും തിരികെയെത്തിക്കൽ; തിഹാർ ജയിലിലെ സൗകര്യങ്ങൾ പരിശോധിച്ച് യു.കെ സംഘം

ന്യൂഡൽഹി: തിഹാർ ജയിൽ സന്ദർശിച്ച് യു.കെ ക്രൗൺ പ്രോസിക്യൂഷൻ സംഘം. ജയിലിലെ സൗകര്യങ്ങൾ വിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. വിജയ് മല്യയേയും നീരവ് മോദിയേയും ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. യു.കെ കോടതികളിൽ മല്യയെ തിരികെ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് നീക്കം.

തിഹാർ ജയിലിലെ സൗകര്യങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യക്ക് അനുകൂലമായ റിപ്പോർട്ട് യു.കെ സംഘം നൽകുമെന്നാണ് സൂചന. ജൂലൈയിലാണ് ഉന്നതസംഘത്തിന്റെ സന്ദർശനം നടന്നതെന്നാണ് സൂചന. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ യു.കെ ക്രൗൺ പ്രോസിക്യൂഷൻ, ബ്രിട്ടീഷ് ഹൈകമീഷൻ എന്നിവർ മറുപടി നൽകിയിട്ടില്ല.

ആവശ്യമെങ്കിൽ, തിഹാർ ജയിൽ സമുച്ചയത്തിനുള്ളിൽ ‘ഉന്നതരായ’ കുറ്റവാളികളെ ഉൾക്കൊള്ളുന്നതിനായി ഒരു പ്രത്യേക ‘എൻക്ലേവ്’ സ്ഥാപിക്കാമെന്നും അധികൃതർ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

വിജയ് മല്യ, നീരവ് മോദി എന്നിവർക്ക് പുറമെ സഞ്ജയ് ഭണ്ഡാരി, അധോലോക കുറ്റവാളി ഇഖ്ബാൽ മിർച്ചിയുടെ ഭാര്യ ഹജ്‌റ മേമൻ, മക്കളായ ആസിഖ് ഇഖ്ബാൽ മേമൻ, ജുനൈദ് ഇഖ്ബാൽ മേമൻ, യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി ഖലിസ്ഥാൻ നേതാക്കൾ എന്നിവരെ കൈമാറാനും ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക കുറ്റവാളികൾ, ഭീകരവാദികൾ തുടങ്ങിയവരെ കൈമാറാൻ ഇന്ത്യയിലെ വിവിധ അന്വേഷണ ഏജൻസികൾ സമർപ്പിച്ച 178 അപേക്ഷകളാണ് വിവിധ രാജ്യങ്ങളിലെ കോടതികളുടെ പരിഗണനയിലുള്ളത്. ഇതിൽ 20 അപേക്ഷകളും യുകെ കോടതികളിൽ ആണ്.

ഇന്ത്യയിൽനിന്ന് മുങ്ങിയ ലളിത് മോദിയും വിജയ് മല്യയും ലണ്ടനിലെ ആഡംബര പാർട്ടിയിൽ ഒരുമിച്ച് പാട്ടുപാടി; ‘മനോഹരമായ വൈകുന്നേരം നൽകിയതിന് നന്ദി’ എന്ന് മല്യയോട് മോദി

ലണ്ടൻ: ആഡംബര പാർട്ടിയിൽ ഒരുമിച്ച് പാട്ടുപാടി ഇന്ത്യയിൽ നിന്ന് മുങ്ങിയ ലളിത് മോദിയും വിജയ് മല്യയും. ലണ്ടനിൽ ലളിത് മോദി നടത്തിയ ആഡംബര പാർട്ടിയിലാണ് ഇരുവരും ഒരുമിച്ച് പാട്ടുപാടിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദി തന്നെ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

310 അതിഥികളാണ് പരിപാടിയിൽ പ​ങ്കെടുത്തത്. ലളിത് മോദിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പരിപാടിക്കെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അതിഥികളെത്തിയത്. മുൻ ആർ.സി.ബി താരം ക്രിസ് ഗെയിലും പാർട്ടിയിൽ പ​ങ്കെടുത്തിരുന്നു. വിജയ് മല്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോഹരമായ ഒരു വൈകുന്നേരം നൽകിയതിന് നന്ദിയെന്നായിരുന്നു ലളിത് മോദിയുടെ പോസ്റ്റ്.

നേരത്തെ ലളിത് മോദി വാന്വാട്ട് പൗരത്വം സ്വീകരിച്ചിരുന്നു. 80 ദ്വീപുകളുടെ കൂട്ടമാണ് വാന്വാട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപുള്ളിയാണ് മോദി. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫീസിൽ പാസ്​പോർട്ട് തിരിച്ച് നൽകാനായി ലളിത് മോദി അപേക്ഷ നൽകുകയും ചെയ്തിരുന്നു.

2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇതിന് ശേഷം ലണ്ടനിലാണ് ലളിത് മോദി കഴിഞ്ഞിരുന്നത്. ഗോൾഡൻ വിസ പദ്ധതി പ്രകാരമാണ് ലളിത് മോദിക്ക് വാന്വാട്ട് പൗരത്വം നൽകിയത്. ആസ്ട്രേലിയക്കും ഫിജിക്കും ഇടയിലാണ് വാന്വാട്ട് സ്ഥിതി ചെയ്യുന്നത്. ബാങ്കുകളെ കബളിപ്പിച്ചാണ് വിജയ് മല്യയും ലണ്ടനിലെത്തിയത്.

നീണ്ട ഒമ്പത് വർഷത്തിന് ശേഷം കിങ്ഫിഷർ എയർലൈനിന്റെ തകർച്ചയെ കുറിച്ച് വിജയ് മല്യ ഈയടുത്ത് പ്രതികരണം നടത്തിയിരുന്നു. രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റ് എപ്പിസോഡിലാണ് അദ്ദേഹം സംസാരിച്ചത്. 2013 ന് ശേഷം ആദ്യമായാണ് മല്യ പരസ്യമായി സംസാരിക്കുന്നത്.

പോഡ്കാസ്റ്റിൽ തൻ്റെ എയർലൈനിന്റെ തകർച്ചയെക്കുറിച്ച് മല്യ സംസാരിക്കുകയും കുടിശികകൾ തീർക്കണമെന്ന ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. 2012 നും 2015 നും ഇടയിൽ വായ്പകൾ തീർക്കാൻ നാല് വ്യത്യസ്ത ഓഫറുകൾ നൽകിയതായി മല്യ അവകാശപ്പെട്ടു. മുഴുവൻ തുകയായ 14,000 കോടി രൂപയും ആവശ്യപ്പെട്ട ബാങ്കുകൾ തന്റെ ഓഫറുകൾ നിരസിച്ചതായി അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സണെ പരിശീലന അക്കാദമിയിൽ വെച്ച് കണ്ട് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - UK delegation reviews Tihar jail conditions as India presses for extraditions of Vijay Mallya, Nirav Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.