മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യാസഹോദരന്‍റെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ശ്രീധർ മാധവ് പഠാൻക്കറിനെ ലക്ഷ്യം വെച്ചായിരുന്നു റെയ്ഡ്. പരിശോധനയെ തുടർന്ന് 6.45 കോടി രൂപയുടെ ആസ്തി ഏജൻസി മരവിപ്പിച്ചുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ഉദ്ദവിന്‍റെ മകൻ ആദിത്യ താക്കറെയുടെയും സഹപ്രവർത്തകൻ അനിൽ പരാബിന്റെയും അടുത്ത അനുയായികളുടെ സ്വത്തുക്കളിൽ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഭാര്യാസഹോദരന്‍റെ സ്ഥാപനങ്ങളിലും റെയ്ഡ് ഉണ്ടായിരിക്കുന്നത്.
ഇതേതുടർന്ന്, ബംഗാളിനെയും മഹാരാഷ്ട്രയെയും കേന്ദ്രം തിരഞ്ഞെടുത്ത് ലക്ഷ്യമിടുകയാണെന്ന് ശിവസേന ആരോപിച്ചിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും കേന്ദ്ര ഏജൻസികൾ വഴി ഞങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പി സർക്കാറുകൾ ഇല്ലാത്ത എല്ലാ സംസ്ഥാനങ്ങളും ഇത് നേരിടുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മമതാ ബാനർജിയുടെ അനന്തരവനെ ഇ.ഡി ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താക്കറയെ പിന്തുണച്ച് ശരദ് പവാറും രംഗത്തെത്തി. ഇതെല്ലാം രാഷ്ട്രീയമാണെന്നും അഞ്ച് വർഷം മുമ്പ് ഇ.ഡി എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും ശരദ് പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.