നാഗ്പൂർ: മഹാരാഷ്ട്രയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിവസേന ഉദ്ധവ് വിഭാഗവുമായി അടുക്കാനുള്ള സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവ് താക്കറെ തങ്ങളുടെ ശത്രുവല്ലെന്നാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം.
രാഷ്ട്രീയത്തിൽ ഒന്നും സ്ഥിരമല്ല. ഉദ്ധവ് താക്കറെ മുമ്പ് സുഹൃത്തായിരുന്നു. പിന്നീട് രാജ് താക്കറെ സുഹൃത്തായി. രാജ് താക്കറെ സുഹൃത്തായിരിക്കുമ്പോൾ ഉദ്ധവിനെ ഒരിക്കലും ശത്രുവായി കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും ഫഡ്നാവിസിനെ കണ്ട് ആശംസ അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നത്. എന്നാൽ, വീണ്ടും എൻ.ഡി.എയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഏക്നാഥ് ഷിൻഡെയുമായും അജിത് പവാറുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. ദീർഘകാലമായി ഇരുവരുമായും മികച്ച ബന്ധമാണ് നിലനിർത്തുന്നത്. തന്റെ അതേ വീക്ഷണമുള്ള രാഷ്ട്രീയ പങ്കാളികളാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചും ഫഡ്നാവിസ് പ്രതികരണം നടത്തി.
ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. സ്ഥാനം രാജിവെക്കാനോ മറ്റ് ചുമതലകൾ ഏറ്റെടുക്കാനോ പറഞ്ഞാലോ അത് ചെയ്യും. എന്റെ വളർച്ചക്ക് കാരണം പാർട്ടിയുടേയും പ്രവർത്തകരുടേയും ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളെ കുറിച്ചും അദ്ദേഹം പരാമർശം നടത്തി. നരേന്ദ്ര മോദിയുടെ അച്ചടക്കം ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. അതിന്റെ 10 ശതമാനം പോലും അച്ചടക്കം തനിക്കില്ല. രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ അമിത് ഷായുടെ കഴിവിനേയും അദ്ദേഹം പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.