ന്യൂഡൽഹി: ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ ബി.ജെ.പിക്കാരനാണെന്ന് കോൺഗ്രസ്.
പ്രതികളിലൊരാളായ റിയാസ് അഖ്തരി സജീവ ബി.ജെ.പി പ്രവർത്തകനാണെന്നും ഇക്കാരണത്തിലാണ് കേന്ദ്ര സർക്കാർ കേസ് ഉടൻ എൻ.ഐ.എക്ക് കൈമാറിയതെന്നും പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ മീഡിയ വിഭാഗം തലവൻ പവൻ ഖേര പറഞ്ഞു. പ്രതി ബി.ജെ.പി നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഖേര വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.
റിയാസ് അഖ്തരിക്ക് ബി.ജെ.പി നേതാക്കളുമായി അടുപ്പം മാത്രമല്ല, പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ബി.ജെ.പി വക്താക്കളിലൂടെയും നേതാക്കളിലൂടെയും രാജ്യത്തെ ധ്രുവീകരിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. വ്യാജ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. എൽ.ടി.ടി.ഇ പ്രവർത്തകർ രാജീവ് ഗാന്ധിയെ വധിക്കാൻ കോൺഗ്രസിൽ നുഴഞ്ഞു കയറിയതുപോലെ ഉദയ്പുർ പ്രതികൾ ബി.ജെ.പിയിലെത്തിയതാണെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.