ന്യൂഡൽഹി: വ്യക്തികളെ ഭീകരരെന്ന് പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാറിന് അധികാരം നൽകുന്ന യു.എ.പി.എ നിയമത്തിലെ ഭേദഗതി ചോദ്യംചെയ്യുന്ന ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ആദ്യം ഹൈകോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിെന്റ നടപടി. തുടർന്ന്, പരാതിക്കാരുടെ ആവശ്യം അംഗീകരിച്ച് ഹരജി പരിഗണിക്കാൻ ഡൽഹി ഹൈകോടതിക്ക് നിർദേശം നൽകുകയും ചെയ്തു.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ് തങ്ങളെന്നും പല ഹൈകോടതികളിൽ ഹരജി നൽകുന്നതിന് യാത്രാ ബുദ്ധിമുട്ടുണ്ടെന്നും ഹരജിക്കാരായ സജാൽ അവാസ്തി, അമിതാഭ പാണ്ഡെ എന്നിവർ ചൂണ്ടിക്കാട്ടി. അതിനാൽ, ഹരജി ഡൽഹി ഹൈകോടതിയിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്നാണ് ഹരജി ഡൽഹി ഹൈകോടതിയിൽ ലിസ്റ്റ് ചെയ്യാമെന്ന് ബെഞ്ച് അറിയിച്ചത്.
2019 ഭേദഗതിയുടെ നിയമസാധുത ചോദ്യംചെയ്യുന്ന ഹരജികളിൽ ആ വർഷം സെപ്റ്റംബർ ആറിന് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. അതിനാലാണ് തങ്ങൾ സുപ്രീംകോടതിൽ എത്തിയതെന്നും ഹരജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.