ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രനിർമാണ നടപടികൾ തകൃതിയായി പുരോഗമിക്കുന്നതിനിടെ ഹനുമാന്‍റെ ജന്മഭൂമി തങ്ങളുടെതെന്ന് അവകാശപ്പെട്ട് ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളും മൂന്ന് പ്രദേശങ്ങളും. ഉത്തര കർണാടകയിലെ ഹംപിക്കു സമീപം കിഷ്കിന്ദയിലുള്ള ആഞ്ജനേയാദ്രി കുന്നുകളിലാണെന്ന് കർണാടക വാദിക്കുേമ്പാൾ തിരുമലയിലെ ഏഴ് കുന്നുകളിലുള്ള അഞ്ജനദ്രിയിലാണെന്ന് ആന്ധ്ര പറയുന്നു. രണ്ട് അവകാശവാദങ്ങളും പ്രാദേശികമായി ജനസമ്മതിയുള്ളതായിരിക്കെയാണ് മൂന്നാമത് ഒരു അവകാശവാദം കൂടി സജീവമായി എത്തുന്നത്. ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതിയുടെതാണ് മൂന്നാമത്തെ അവകാശവാദം.
തിരുമല വെങ്കിടേശ്വര ക്ഷേത്രം ഉൾപെടെ നിരവധി ക്ഷേത്രങ്ങൾ ഭരിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) കഴിഞ്ഞ ഡിസംബറിൽ ഹനുമാന്‍റെ ജന്മസ്ഥലം നിർണയിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ വെച്ചിരുന്നു. വേദ പണ്ഡിതർ, പൗരാണിക പണ്ഡിതർ, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ തുടങ്ങിയവരടങ്ങിയ എട്ടംഗ സംഘം ഏപ്രിൽ 21ന് റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. വേദങ്ങളും പുരാണങ്ങളും വിശദമായി പരിശോധിച്ച് സമിതി റിപ്പോർട്ട് തയാറാക്കുമെന്ന് ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസർ കെ.എസ് ജവഹർ റെഡ്ഡി പറഞ്ഞു. തങ്ങളുടെ വാദത്തിന് ശാസ്ത്രീയമായി മാത്രമല്ല, പൗരാണിക തെളിവുകളുടെയും പിന്തുണയുണ്ടെന്ന് റെഡ്ഡി പറയുന്നു.
എന്നാൽ, ആന്ധ്രയുടെ വാദം ശരിയല്ലെന്നും ഹംപിക്കു സമീപം കിഷ്കിന്ദയിലുള്ള ആഞ്ജനേയാദ്രി കുന്നുകളിലാണെന്ന് രാമായണത്തിൽ പരാമർശമുണ്ടെന്നും കർണാടക മന്ത്രിമാർ പ്രതികരിക്കുന്നു. കുന്നിൻമുകളിൽ ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്. ആഞ്ജനേയാദ്രി കുന്നുകൾ തീർഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന് കർണാടക കൃഷിമന്ത്രി ബി.സി പാട്ടീൽ പറഞ്ഞു. ഇതിന്‍റെ തുടർച്ചയായി കർണാടക വിനോദസഞ്ചാര വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.
എന്നാൽ, ഇരു വാദങ്ങളെയും തള്ളി കർണാടകയുടെ തീര പ്രദേശമായ ഗോകർണത്തെ കുഡ്ലെ തീരത്താണെന്ന് ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയും അവകാശപ്പെടുന്നു. രാമായണ പ്രകാരം ഗോകർണ ഹനുമാന്‍റെ ജന്മഭൂമിയും ആഞ്ജനയേനാദ്രി കർമഭൂമിയുമാണെന്നുമാണ് മഠാധിപതിയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.