ന്യൂഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും കൊണ്ട് ഈ ആഴ്ച രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. വിമാനം ഫെബ്രുവരി 15 ശനിയാഴ്ച ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മൂന്നാമത്തെ വിമാനം കുറച്ച് ദിവസങ്ങൾക്ക് ശേഷവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ ഫെബ്രുവരി അഞ്ചിന് ഇറങ്ങിയിരുന്നു. അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ട്രംപും തമ്മിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കേയാണ് പുതിയ വിമാനങ്ങൾ ഈയാഴ്ച എത്തുമെന്ന റിപ്പോർട്ട്. മെക്സിക്കൽ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്.
യാത്രക്കാരെ ചങ്ങലക്കിട്ട് സൈനിക വിമാനത്തിൽ തിരിച്ചയച്ച നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷം നിശിത വിമർശനമുന്നയിച്ചത് കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ട്രംപ് ആ നയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഏകദേശം 18,000 ഇന്ത്യക്കാർ രേഖകളില്ലാതെ താമസിക്കുന്നതായാണ് റിപ്പോർട്ട്. ആറ് വിമാനങ്ങൾ ഇതിനകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ട്രംപ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.