തമിഴ്​നാട്​ അതിർത്തിയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

കുമളി: രാജസ്ഥാനിലേക്ക് ചക്ക കയറ്റി പോവുകയായിരുന്ന ലോറി തമിഴ്നാട് അതിർത്തിയിൽ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. രാജസ്ഥാൻ ഭരത്പൂർ സ്വദേശികളായ അലിം (26), ലുസ്​താം (31) എന്നിവരാണ്​ മരിച്ചത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം മണ്ണിൽ പുതഞ്ഞതിനാൽ വൈകീട്ട് ആറോടെയാണ്​ ഡ്രൈവർ ലുസ്​താമി​​​െൻറ മൃതദേഹം പുറത്തെടുക്കാനായത്. ലോറി ഉയർത്തിയെടുക്കാൻ ശ്രമം തുടരുകയാണ്.

ഞായറാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. ആലപ്പുഴ, മുണ്ടക്കയം എന്നിവിടങ്ങളിൽനിന്ന്​ ശേഖരിച്ച ചക്ക കയറ്റിവന്ന ലോറി ഇരച്ചിൽപാലത്തിന്​ സമീപം തമിഴ്നാട് അതിർത്തിയിൽ 500 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊടുംവളവ് തിരിയുന്നതിനിടെ മൺതിട്ട ഇടിഞ്ഞാണ്​ അപകടം. തമിഴ്നാട് സേലം ശങ്കരഗിരി സ്വദേശി വടിവേലുവി​േൻറതാണ് അപകടത്തിൽപെട്ട ലോറി.

ലോറി മറിയുന്നതിനിടെ തെറിച്ചുവീണ അലിമിന് ഗുരുതര പരിക്കേറ്റിരുന്നു. അപകടശേഷം അലിംതന്നെയാണ്​ ലോറി ഉടമയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്​. പരിക്കേറ്റ് കിടന്ന അലിമിനെ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് വടം കെട്ടിയിറങ്ങിയാണ് മുകളിലെത്തിച്ചത്. രക്ഷാപ്രവർത്തകരിൽനിന്ന്​ വെള്ളം വാങ്ങി കുടിച്ച അലിം ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. മൃതദേഹം കമ്പം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വനഭൂമിയിലെ കൊക്കയിൽ രാവിലെ മുതൽ കയർ കെട്ടി ഇറങ്ങിയാണ് അപകടത്തിൽപെട്ടവർക്കായി തിരച്ചിൽ നടത്തിയത്​. പതിവായി കേരളത്തിലെത്തി ലോഡ് കയറ്റി പോകുന്ന ലോറി, ഡ്രൈവർമാരായ ഇരുവരും ചേർന്നാണ് രാജസ്ഥാൻ വരെ ഓടിക്കാറുള്ളതെന്ന് ഉടമ വടിവേലു പറഞ്ഞു.

അപകടത്തിൽപെട്ട ലോറിക്ക്​ പിറകിലുണ്ടായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ്​ അപകട വിവരം ലോവർ ക്യാമ്പ് പൊലീസ് സ്​റ്റേഷനിൽ അറിയിച്ചത്. തുടർന്ന് പൊലീസ്, ഫയർഫോഴ്സ്, വനം അധികൃതർ എന്നിവർ സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെത്തി. വൈകീട്ടോടെ കണ്ടെത്തിയ ലുസ്​താമി​​​െൻറ മൃതദേഹം കമ്പം ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.

Tags:    
News Summary - Two killed in accident at Tamil Nadu- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.