ശ്രീനഗർ: വിവാദമായ ഷോപിയാൻ ‘ബലാത്സംഗ കൊലക്കേസിൽ ’ വ്യാജതെളിവുകൾ ചമച്ചെന്നും പാക് ആസ്ഥാനമായ ഗ്രൂപ്പുകളുമായി ചേർന്ന് ഇന്ത്യക്കെതിരായ ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചെന്നും ആരോപിച്ച് രണ്ടു ഡോക്ടർമാരെ സർവിസിൽ നിന്ന് പരിച്ചുവിട്ടു.
ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലൂ എന്നിവരെയാണ് പിരിച്ചുവിട്ടത്. 2009 മേയ് 30നാണ് ഷോപിയാനിൽ ആസിയ ജാൻ, നിലോഫർ എന്നിവരെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരെ സുരക്ഷാസേന ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന ആരോപണത്തെത്തുടർന്ന് കശ്മീരിൽ വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. യുവതികൾ ബലാത്സംഗത്തിന് ഇരയാവുകയോ കൊലക്കിരയാവുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ.
ദലാലാണ് മൃതദേഹങ്ങൾ ആദ്യം പോസ്റ്റ്മോർട്ടം നടത്തിയത്. രണ്ടാമത്തെ സംഘത്തിലെ അംഗമായിരുന്നു ചില്ലൂ. ആസിയയുടേതെന്ന് പറഞ്ഞ് ഡോ. ചില്ലൂ സ്വന്തം ശരീരസ്രവമാണ് ബലാത്സംഗത്തിനിരയായി എന്ന് വരുത്തിത്തീർക്കാൻ ഉപയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇരു സംഘങ്ങളും തെറ്റായ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് നൽകിയതെന്ന് സി.ബി.ഐ കണ്ടെത്തി.
ഡോ. ടി.ഡി. ഡോഗ്ര, ഡോ. അനുപമ എന്നിവരുടെ നേതൃത്വത്തിലുള്ള എയിംസ് ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് കണ്ടെത്തിയതായി സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. മുങ്ങിമരണം മൂലമാണ് ശ്വാസംമുട്ടൽ സംഭവിച്ചത് എന്നും നെറ്റിയിലെ മുറിവ് മരണത്തിന് പര്യാപ്തമല്ലെന്നും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ആറു ഡോക്ടർമാർക്കും അഞ്ച് അഭിഭാഷകർക്കും, മരിച്ച ഒരു സ്ത്രീയുടെ ബന്ധുവടക്കം രണ്ട് സിവിലിയന്മാർക്കെതിരെയും തെളിവുകൾ കെട്ടിച്ചമച്ചതിന് സി.ബി.ഐ കുറ്റപത്രം നൽകിയിട്ടുണ്ട്. കേസും തുടർന്നുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ചു പൊലീസുകാരും അറസ്റ്റിലായിരുന്നു. സുരക്ഷ സേനക്കെതിരെ ജനരോഷം ഉണർത്താൻ 13 പേരും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.