ജംഷഡ്പൂരിൽ സർക്കാർ ആശുപത്രിയുടെ ഇടനാഴി തകർന്ന് രണ്ടു മരണം; ഒരാൾ കുടുങ്ങിയതായി സംശയം

റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ ഇടനാഴിയുടെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. മറ്റൊരാൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സാക്ചി പ്രദേശത്തെ എം.ജി.എം ആശുപത്രിയുടെ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ രണ്ടാംനിലയിൽ വൈകുന്നേരം 4 മണിയോടെ നടന്ന സംഭവത്തിൽ ആകെ 15 പേർ കുടുങ്ങിയതായി അവർ പറഞ്ഞു.

അവശിഷ്ടങ്ങളിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റൊരാൾ ഇപ്പോഴും അകത്തുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് സിംഗ്ഭൂം ഡെപ്യൂട്ടി കമ്മീഷണർ അനന്യ മിത്തൽ പറഞ്ഞു. സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയ 12 പേർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും മിത്തൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തുണ്ട്.  ‘മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ കൃത്യമായ നടപടികൾ സ്വീകരിക്കും’ -ജാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി പറഞ്ഞു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. ‘പി.ടി.ഐ ബി.എസ്. ആർ.ബി.ടി.കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ ദുഃഖ നിമിഷം താങ്ങാനുള്ള ശക്തിയുണ്ടാവട്ടെ. ഇതോടൊപ്പം, ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടിയെടുക്കാനും കർമ പദ്ധതി തയ്യാറാക്കാനും മന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്’ - സോറൻ ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.

Tags:    
News Summary - Two die, another feared trapped under debris after portion of hospital’s corridor collapses in Jamshedpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.