സൊനാലി ഫോഗട്ടി​ന്റെ മരണം: രണ്ട് സഹായികൾ അറസ്റ്റിൽ

പനാജി: ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ​ഫോഗട്ട് ഗോവയിൽ മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. സൊനാലിക്കൊപ്പം ഗോവയിലെ അഞ്ജുനയിലെത്തിയ പി.എ ആയ സുധീർ സാങ്‍വാനും സഹായിയായ സു​ഖ്‍വിന്ദർ വസിയുമാണ്​ കൊലക്കുറ്റത്തിന് അറസ്റ്റിലായത്.

മൃതദേഹത്തിൽ ചെറിയ മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. സൊനാലിയെ കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ​ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 42കാരിയായ ബി.ജെ.പി നേതാവ് പിന്നീട് മരിച്ചു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. ഇക്കാര്യം നിഷേധിച്ച ബന്ധുക്കൾ, ദൂരുഹത ആരോപിച്ചതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

പിന്നീട് ഇരുവർക്കുമെതിരെ സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക പരാതി നൽകിയിരുന്നു. ഡൽഹി എയിംസിൽ ​പോസ്റ്റ്മോർട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ആരോപണവിധേയർക്കെതിരെ കേ​​സെടുക്കുമെന്ന് ഉറപ്പുകിട്ടിയതിനാൽ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കുടുംബം സമ്മതിച്ചു. ചെറിയ മുറിവുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. ആന്തരികാവയവങ്ങൾ രാസ പരിശോധനക്ക് അയക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.

ഈ മാസം 22നാണ് സൊനാലി സഹായികൾക്കൊപ്പം ഗോവയിലെത്തിയത്. 23ന് രാവിലെയാണ് മരിച്ചനിലയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരണത്തിനുമുമ്പ് അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവുമായും സൊനാലി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദം പതറിയിരുന്നതായും കൂടെയുണ്ടായിരുന്ന സുധീർ സാഗ്‍വാനും സുഖ്വിന്ദർ വസിക്കുമെതിരെ പരാതിപ്പെട്ടതായും സഹോദരൻ റിങ്കു പറഞ്ഞു.

സൊനാലിയെ സഹായികൾ മാനഭംഗപ്പെടുത്തിയതായും വിഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും റിങ്കു പരാതിപ്പെട്ടിരുന്നു. സഹോദരിയുടെ രാഷ്ട്രീയഭാവി തകർക്കുമെന്ന് സഹായി സുധീർ സാങ്‍വാൻ ഭീഷണി​പ്പെടുത്തി. ഫോണും സ്വത്തി​ന്റെ രേഖകളും എ.ടി.എം കാർഡുകളും കൈയിലാക്കി. ​സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിലെ സി.സി.ടി.വി കാമറകളും ലാപ്ടോപ്പും മറ്റും മരണത്തിന് ശേഷം മാറ്റിയെന്നും സഹോദരൻ ആരോപിച്ചു. 

Tags:    
News Summary - two associates arrested in Sonali Phogat murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.