പെൺകുട്ടി കൊല്ലപ്പെട്ട പ്രദേശം ഡി.ജി.പി സന്ദീപ് റായ് സന്ദർശിക്കുന്നു
കോയമ്പത്തൂർ: സുലൂരിൽ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഭാരതിപുരം പല്ലപ്പാളയം സ്വദേശി മോഹൻ (30), നാഗപട്ടണം ജില്ലയിലെ കാർത്തി (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കാണാതാവുകയായിരുന്നു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രാത്രി പത്തോടെ കുട്ടിയെ കാണാതായതിൽ കേസെടുത്തു. തുടർന്ന് പൊലീസ് അഞ്ച് സംഘങ്ങൾ രൂപവത്കരിച്ച് തിരച്ചിൽ ഊർജിതമാക്കി.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രദേശത്ത് കാർത്തിയുടെ സാന്നിധ്യം മനസ്സിലാക്കി. ഇയാൾ പെൺകുട്ടിയുടെ കുടുംബത്തെ അറിയുന്നയാളാണെന്നും ഇയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായെന്നും കോയമ്പത്തൂർ ഐ.ജി രമ്യ ഭാരതി പറഞ്ഞു.
അറസ്റ്റിലായ പ്രതികൾ
കണ്ണംപാളയം പ്രദേശത്തെ മരിയ റോസ് ഗാർഡൻ അപാർട്ട്മെന്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒളിച്ചിരുന്ന കാർത്തിയെ പൊലീസ് വളഞ്ഞു. രക്ഷപ്പെടാൻ ഒന്നാം നിലയിൽ നിന്ന് ചാടിയ കാർത്തിയുടെ വലതു കൈയും വലതു കാലും ഒടിഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് കാർത്തി സമ്മതിച്ചതായി രമ്യ ഭാരതി പറഞ്ഞു.
ഭാരതിപുരം പല്ലപ്പാളയം സ്വദേശി മോഹൻ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പരിക്കേറ്റ കാർത്തി ഇപ്പോൾ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ യിലാണ്. ഡി.ജി.പി സന്ദീപ് റായ് സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.