തെലങ്കാനയിൽ സർക്കാർ സംവിധാനങ്ങളെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു വൻ അഴിമതിക്കഥ പുറത്തുവന്നിരിക്കുകയാണ്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് സംസ്ഥാന റോഡ്സ് ആൻഡ് ബിൽഡിങ്സ് വകുപ്പിലെ ചീഫ് എഞ്ചിനീയറായ മോഹൻ നായിക് ജരുപ്ലയെ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇയാൾ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് സംഘം കേസെടുത്തത്.
അറസ്റ്റിന് പിന്നാലെ മോഹൻ നായിക്കിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമടക്കം ഒരേസമയം 15-ലധികം കേന്ദ്രങ്ങളിലാണ് എ.സി.ബി ഉദ്യോഗസ്ഥർ വ്യാപകമായ റെയ്ഡ് നടത്തിയത്. വൻ സന്നാഹത്തോടെ നടത്തിയ ഈ പരിശോധനകളിൽ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള പണവും സ്വർണവും ആഡംബര സ്വത്തുക്കളുമാണ് കണ്ടെടുത്തത്. ഔദ്യോഗിക രേഖകൾ പ്രകാരം നിലവിൽ 18 കോടിയോളം രൂപയുടെ അവിഹിത സ്വത്തുക്കൾ കണ്ടെത്തിയതായാണ് വിജിലൻസ് കണക്കാക്കുന്നത്.
കണ്ടെത്തിയ സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ചാൽ അതിശയിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. നിസാമാബാദ് ജില്ലയിലെ ഡിച്ച്പള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന മുള്ളംഗി ഗ്രാമത്തിൽ മാത്രം 19.38 ഏക്കറോളം വരുന്ന അഞ്ച് കാർഷിക ഭൂമികൾ ഇയാളുടെ പേരിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഹൈദരാബാദിലെ പോഷ് ഏരിയകളായ ഗച്ചിബൗളിയിൽ നാലും കൊംപള്ളിയിൽ മൂന്നും ഉൾപ്പെടെ ആകെ ഏഴ് ലക്ഷ്വറി ഫ്ലാറ്റുകളാണ് ഇയാൾ സമ്പാദിച്ചുകൂട്ടിയത്. മിയാപൂരിൽ ഒരു കൂറ്റൻ ട്രിപ്ലക്സ് വില്ലയും കൂക്കട്പള്ളിയിൽ പുതുതായി നിർമ്മിച്ച മറ്റൊരു വീടും റെയ്ഡിൽ കണ്ടെത്തി. നിസാമ്പേട്ടിൽ പണിതുകൊണ്ടിരിക്കുന്ന ഒരു ആഡംബര വില്ല സ്വന്തമാക്കുന്നതിനായി മാത്രം ഇയാൾ ഒരു കോടി രൂപ അഡ്വാൻസ് നൽകിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സ്ഥാവര വസ്തുക്കൾക്ക് പുറമെ വൻതോതിൽ പണവും സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. 55 ലക്ഷം രൂപയോളം വരുന്ന പണം, വിവിധ ബാങ്കുകളിലായി കിടക്കുന്ന 1.44 കോടി രൂപയുടെ നിക്ഷേപങ്ങൾ, വിപണിയിൽ ഏകദേശം രണ്ട് കോടിയോളം വിലമതിക്കുന്ന 2.5 കിലോഗ്രാം സ്വർണാഭരണങ്ങൾ, ആറ് കിലോയോളം വരുന്ന വെള്ളി ആഭരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 1.26 കോടിയുടെ വിലകൂടിയ വീട്ടുപകരണങ്ങൾ, ലക്ഷങ്ങൾ വിലമതിക്കുന്ന 9 മൊബൈൽ ഫോണുകൾ, നാല് ലാപ്ടോപ്പുകൾ, രണ്ട് ആഡംബര വാഹനങ്ങൾ എന്നിവയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവിലെ സർക്കാർ രേഖകൾ പ്രകാരം ഈ സ്വത്തുക്കളുടെ ആകെ മൂല്യം 17.95 കോടി രൂപയാണെന്ന് എ.സി.ബി വ്യക്തമാക്കുന്നുണ്ടെങ്കിലും, ഹൈദരാബാദിലെയും പരിസരപ്രദേശങ്ങളിലെയും ഇന്നത്തെ ഉയർന്ന ഭൂമി വിലയും വിപണി മൂല്യവും കണക്കിലെടുക്കുമ്പോൾ ഇതിന്റെ യഥാർത്ഥ മൂല്യം 100 കോടി രൂപക്ക് മുകളിലാകാനാണ് സാധ്യതയെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ഹൈദരാബാദിലെ പ്രത്യേക എ.സി.ബി കോടതിയിൽ ഹാജരാക്കി നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഇയാളുടെ പേരിൽ ഇനിയും കൂടുതൽ ബനാമി സ്വത്തുക്കൾ ഉണ്ടോ എന്നതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം വിജിലൻസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.