പാവപ്പെട്ടവന്റെ കുടിൽ പൊളിക്കാൻ സ്വകാര്യ ലോബി?, സൂറത്തിൽ ചേരി ഒഴിപ്പിക്കലിനെച്ചൊല്ലി വൻ സംഘർഷം; 50ഓളം പേർ കസ്റ്റഡിയിൽ

സൂറത്ത്: ഗുജ്റാത്ത് സൂറത്തിലെ ചേരി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും നാടകീയ സംഭവങ്ങളുമാണ് അരങ്ങേറിയത്.കോൺഗ്രസ് പ്രവർത്തകരും പ്രദേശവാസികളും ഉൾപ്പെടെയുള്ള വലിയൊരു സംഘം സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ (എസ്.എം.സി) സെക്യൂരിറ്റി ജീവനക്കാരുമായി ഏറ്റുമുട്ടുകയും, തുടർന്ന് 50ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം, ഈ വിവാദങ്ങൾക്ക് പിന്നാലെ ഒഴിപ്പിക്കൽ നോട്ടീസിൽ ഒപ്പുവെച്ച കോർപ്പറേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.

സൂറത്തിലെ നസീർനഗർ പ്രദേശത്ത് അടുത്തിടെ നടന്ന ‘അനധികൃത’ ചേരി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സൂറത്ത് മുൻസിപ്പൽ കമ്മീഷണർ എം. നാഗരാജനെ കാണാൻ എത്തിയതായിരുന്നു പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും.

എന്നാൽ, ഇവർക്ക് കമീഷണറെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോർപ്പറേഷൻ ആസ്ഥാനത്തിന് മുന്നിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെ കമീഷണറുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉപരോധം തീർത്ത കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ള അമ്പതോളം പേരെ ഉമ്ര പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവാദങ്ങൾ പുകയുന്നതിനിടെ, ഈ വിഷയത്തിൽ വലിയ ക്രമക്കേട് ആരോപണങ്ങൾ നേരിടുന്ന എസ്.എം.സി സെൻട്രൽ സോൺ എക്സിക്യൂട്ടീവ് എൻജിനീയർ ജയന്ത് ജീവൻ രാംജിവാല ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചു.

ഇതിനിടയിൽ, ചേരികൾ നിലനിന്നിരുന്ന സ്ഥലത്ത് വലിയ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഭൂവുടമക്ക് കോർപ്പറേഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. അനുമതിയില്ലാതെയാണ് ഇവിടെ ബേസ്‌മെന്റ് ഉൾപ്പെടെയുള്ള നിർമാണങ്ങൾ നടക്കുന്നതെന്നും, മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനും പകർച്ചവ്യാധികൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു.

മേയ് 28 മുതൽ പൊലീസ് സംരക്ഷണയിൽ നൂറോളം വീടുകളാണ് ഇവിടെ പൊളിച്ചുനീക്കിയത്. ഇതിനെതിരെ നസീർനഗർ നിവാസിയായ ഹുസൈൻ അസീസ് ഷെയ്ഖ് (40) ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.

കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് അധികൃതർ തങ്ങളെ ഒഴിപ്പിച്ചതെന്നും, നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഗുജറാത്ത് സർക്കാർ, സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ, പൊലീസ് കമ്മീഷണർ തുടങ്ങിയവരെ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.

സ്വകാര്യ ബിൽഡർമാർക്ക് വേണ്ടി കോർപ്പറേഷൻ അധികൃതർ പാവപ്പെട്ടവരെ തെരുവിലിറക്കുകയാണെന്ന് കോൺഗ്രസ് കോർപ്പറേറ്റർ അർഷാദ് ജരിവാല ആരോപിച്ചു.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതിൽ പ്രതിഷേധിച്ച് ജൂൺ 12ന് ഗുജറാത്തിലുടനീളമുള്ള കോൺഗ്രസ് എം.എൽ.എമാർ സൂറത്തിൽ എത്തി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Surat Slum Eviction Sparks Protests: 50 Detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.