പട്നയിൽ വോട്ടർ അധികാർ യാത്രക്കെതിരെ രംഗത്തെത്തിയ ബി.ജെ.പി പ്രവർത്ത​കരെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തടയുന്നു

വോട്ടർ അധികാർ യാത്ര​യിൽ സിദ്ധരാമയ്യയും; പട്നയിൽ കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി

ന്യൂഡൽഹി: വോട്ടുമോഷണം ഉന്നയിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി ബിഹാറിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ പ​ങ്കെടുത്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വെള്ളിയാഴ്ച ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽനിന്നാണ് സിദ്ധരാമയ്യ യാത്രക്കൊപ്പം ചേർന്നത്. 1991ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, വഞ്ചന കാരണം തനിക്ക് തോൽക്കേണ്ടി വന്നുവെന്ന് യാത്രക്കിടെ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ യാത്രയിൽ പ​​ങ്കുചേരും. ആഗസ്റ്റ് 17ന് ആരംഭിച്ച റാലി 23 ജില്ലകളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ച്‌ സെപ്റ്റംബർ ഒന്നിന്‌ പട്നയിൽ നടക്കുന്ന മഹാസമ്മേളനത്തോടെയാണ് സമാപിക്കുന്നത്.

അതിനിടെ, വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര​ മോദിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പട്നയിലെ കോൺഗ്രസ് ഓഫിസ് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ പ്രകടനമായി കോൺഗ്രസ് ഓഫിസിലേക്ക് എത്തിയത്. ഓഫിസിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന ബി.ജെ.പി പ്രവർത്തകർ ​അവിടെയുണ്ടായിരുന്നവരെ മർദിക്കുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് തിരിച്ചടിച്ചതോടെ സംഘർഷം രൂക്ഷമായി. ഇരുവിഭാഗവും വടികളും കല്ലുമായി ഏറെനേരം ഏറ്റുമുട്ടി.

സത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും സത്യം വിജയിക്കുമെന്നും ബി.ജെ.പി ആക്രമണത്തിന് പിന്നാലെ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. റാലിയി​ലേക്ക് ബി.ജെ.പി ഏജന്റുമാർ നുഴഞ്ഞുകയറിയാണ് മോദിക്കെതിരെ ​മോശം പദങ്ങൾ ഉപയോഗിച്ചതെന്നും വൻ വിജയമായ യാത്ര തകർക്കാനുള്ള അവരുടെ തന്ത്രമാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.

Tags:    
News Summary - ‘Truth and non-violence prevail,’ says Rahul Gandhi after BJP-Congress workers clash in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.