പാക് ആർമിയുടെ വിശ്വസ്തൻ, ഭീകരാക്രമണത്തിനു തൊട്ടുമുമ്പ് മുംബൈയിൽ, ഹെഡ്‌ലിക്ക് വിവരങ്ങൾ കൈമാറി; കുറ്റം സമ്മതിച്ച് തഹവ്വുർ റാണ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ തഹവ്വുർ റാണ സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന് റിപ്പോർട്ട്. താജ് ഹോട്ടലിൽ ഭീകരാക്രമണം നടന്ന നവംബർ 26ന് താൻ മുംബൈ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്താൻ ആർമിയുടെ ഏജന്‍റായി പ്രവർത്തിച്ചുവരികയായിരുന്നുവെന്നും റാണ മുംബൈ ക്രൈംബ്രാഞ്ചിനോട് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. തിഹാർ ജയിലിൽ എൻ.ഐ.എ കസ്റ്റഡിയിലുള്ള 64കാരനായ റാണ, ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലശ്കറെ തയ്യിബയുടെ പരിശീലന സെഷനുകളിൽ പങ്കെടുത്തിരുവെന്നും വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

എൻ‌.ഐ‌.എ കുറ്റപത്രത്തിൽ, ഇമിഗ്രന്റ് ലോ സെന്റർ എന്ന കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന ഹെഡ്‌ലി ഡൽഹി, മുംബൈ, ജയ്പുർ, പുഷ്കർ, ഗോവ, പുണെ തുടങ്ങി നിരവധി ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്തതായി പറയുന്നു. ഈ കമ്പനി സ്ഥാപിക്കുക എന്നത് തന്റെ ആശയമാണെന്ന് റാണ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയാണ് ഇത് നടത്തിയിരുന്നത്. ആക്രമണങ്ങൾക്ക് മുമ്പ് ഭീകരർക്ക് നിരീക്ഷണം നടത്താനുള്ള സംവിധാനമായി ഈ കമ്പനി പ്രവർത്തിച്ചു.

2008 നവംബറിൽ ഇന്ത്യ സന്ദർശിച്ചതായും ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് 20, 21 തീയതികളിൽ മുംബൈ പോവെയിലെ ഒരു ഹോട്ടലിൽ താമസിച്ചതായും റാണ വെളിപ്പെടുത്തി. ആക്രമണത്തിന് തൊട്ടുമുമ്പ് രാജ്യംവിട്ട റാണ, ദുബൈ വഴി ബെയ്ജിങ്ങിലേക്ക് കടന്നു. 2023ൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച 405 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് പോലുള്ള തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ റാണ ഹെഡ്‌ലിയെ സഹായിച്ചതായി പറയുന്നു.

14 സാക്ഷികൾ വരെ ഹെഡ്‌ലിയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെ സഹായിച്ച വ്യാജ ഇന്ത്യൻ രേഖകളെക്കുറിച്ച് ചോദിച്ചപ്പോൾ റാണ ഇന്ത്യൻ എംബസിയെ കുറ്റപ്പെടുത്തി. തെറ്റായ രേഖകൾ ഉപയോഗിച്ച് ഹെഡ്‌ലിയെ ഇന്ത്യയിലേക്ക് കടക്കാൻ റാണ സഹായിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന പാകിസ്താൻ ഉദ്യോഗസ്ഥരായ സാജിദ് മിർ, അബ്ദുൽ റഹ്മാൻ പാഷ, മേജർ ഇഖ്ബാൽ എന്നിവരെ അറിയാമെന്ന് റാണ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ലശ്കറെ തയ്യിബക്കു പുറമെ പാകിസ്താൻ ചാര ഏജൻസിയായ ഐ.എസ്.ഐയുമായും റാണ സജീവമായി സഹകരിച്ചിരുന്നു.

1986ൽ പാകിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള ആർമി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് കോഴ്‌സ് പൂർത്തിയാക്കിയ റാണ, പാകിസ്താൻ ആർമിയിൽ ക്യാപ്റ്റൻ റാങ്കിൽ ഡോക്ടറായി നിയമിതനായി. ബലൂചിസ്താനിലെ ക്വറ്റയിലായിരുന്നു ആദ്യ നിയമനം. സിന്ധ്, ബഹാവൽപൂർ, സിയാച്ചിൻ-ബലോത്ര തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് റാണ പ്രവർത്തിച്ചത്.

സിയാച്ചിനിൽ ആയിരുന്ന സമയത്ത് റാണക്ക് പൾമണറി എഡിമ ഉണ്ടായി. ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടാൻ കാരണമാകുന്ന അസാധാരണ അവസ്ഥയാണിത്. ഇതോടെ പാക് സൈന്യം റാണയെ സേനയില്‍നിന്ന് ഉദ്യോഗംവിട്ട് ഒളിച്ചോടിപ്പോയ ആളായി പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ റാണയുടെ സര്‍വീസ് രേഖകളിലും ഇത് രേഖപ്പെടുത്തി. തന്റെ സര്‍വീസ് രേഖകളിലെ ഇത്തരം കുറ്റങ്ങളെല്ലാം നീക്കംചെയ്തുനല്‍കാമെന്ന് വാഗ്ദാനംചെയ്തതിനാലാണ് ഡേവിഡ് ഹെഡ്‌ലിക്കൊപ്പം താന്‍ ഭീകരാക്രമണത്തില്‍ പങ്കാളിയായതെന്നായിരുന്നു റാണയുടെ മൊഴി.

ഗൾഫ് യുദ്ധകാലത്ത് സൗദി അറേബ്യയിലേക്ക് രഹസ്യ ദൗത്യത്തിനായി അയച്ചതായും റാണ പറഞ്ഞിട്ടുണ്ട്. കാനഡയിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ജർമ്മനി, യുകെ, യു.എസ് എന്നിവിടങ്ങളിലും താമസിച്ച റാണ, മാംസ സംസ്കരണം, റിയൽ എസ്റ്റേറ്റ്, പലചരക്ക് വ്യാപാരം എന്നിവയിൽ ബിസിനസുകൾ നടത്തിയിരുന്നു.

1974നും 1979 നും ഇടയിൽ റാണയും ഹെഡ്‌ലിയും ഹസൻ അബ്ദാലിലെ കേഡറ്റ് കോളജിൽ പഠിച്ചിരുന്നു. ഹെഡ്‌ലിയുടെ മാതാവ് അമേരിക്കക്കാരിയും പിതാവ് പാക് പൗരനുമായിരുന്നു. രണ്ടാനമ്മയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഹെഡ്‌ലി യു.എസിലേക്ക് പലായനം ചെയ്ത് തന്റെ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയെന്ന് റാണ പറഞ്ഞു. 2003നും 2004നും ഇടയിൽ ഹെഡ്‌ലി മൂന്ന് ലശ്കറെ തയ്യിബ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് റാണ പറഞ്ഞു. ലഷ്‌കർ ഒരു പ്രത്യയശാസ്ത്ര സംഘടനയേക്കാൾ ഒരു ചാര ശൃംഖലയെന്ന നിലയിലാണ് പ്രവർത്തിച്ചതെന്ന് ഹെഡ്‌ലി തന്നോട് പറഞ്ഞതായി റാണ വെളിപ്പെടുത്തി.

വര്‍ഷങ്ങള്‍നീണ്ട നിയമവ്യവഹാരങ്ങള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കുമൊടുവിലാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ തഹാവൂര്‍ റാണയെ യു.എസില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്. കനേഡിയന്‍ പൗരത്വമുള്ള പാക് വംശജനായ റാണയെ വിട്ടുകിട്ടാന്‍ 2020ലാണ് ഇന്ത്യ ഔദ്യോഗികനീക്കം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിപ്രകാരമായിരുന്നു ഈ ആവശ്യമുന്നയിച്ചത്. അതിനെതിരേ റാണ നിയമവഴി തേടിയെങ്കിലും യു.എസ് സുപ്രീംകോടതി റാണയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് ശരിവെക്കുകയായിരുന്നു.

താജ്, ഒബ്‌റോയ് ഹോട്ടലുകൾ, ഛത്രപതി ശിവജി ടെർമിനസ്, ജൂത കേന്ദ്രമായ നരിമാൻ ഹൗസ് എന്നിവയുൾപ്പെടെ മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് 2008 നവംബർ 26ന് ഭീകരാക്രമണം നടന്നത്. 10 പാക് ഭീകരർ 60 മണിക്കൂർ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - Trusted by Pak army, was part of 26/11 plan: Tahawwur Rana's explosive revelations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.