സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത്
കോടതികൾ വിശ്വാസം നേടുന്നത് ജനപ്രീതിയിലൂടെയല്ല, നീതിയിലൂടെയാണ് -ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: ജുഡിഷ്യറിയിലെ പൊതുജനങ്ങളുടെ വിശ്വാസവും അംഗീകാരവും ഒന്നല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ജനങ്ങൾ ആഗ്രഹിക്കുന്ന വിധികൾ നൽകിയല്ല, മറിച്ച് നടപടിക്രമങ്ങൾ നീതിയുക്തമായി കൈകാര്യം ചെയ്താണ് വിശ്വാസം ആർജ്ജിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതികൾ ആവശ്യമെങ്കിൽ വിമർശനത്തിന് വിധേയമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ആറാം റാം ജത്മലാനി മെമ്മോറിയൽ ലക്ചറിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
'പൊതുജനങ്ങളുടെ വിശ്വാസവും അംഗീകാരവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസം വളരെ പ്രധാനമാണ്. ജനങ്ങൾക്ക് ഇഷ്ടപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിലൂടെയോ അവർ ആഗ്രഹിച്ച വിധികൾ നൽകുന്നതിലൂടെയോ അല്ല ഒരു കോടതി വിശ്വാസം ആർജിക്കുന്നത്.
മറിച്ച്, തങ്ങൾക്ക് എതിരായ വിധി ലഭിച്ചവരും തികച്ചും വ്യത്യസ്തമായ ഫലം ആഗ്രഹിച്ചവരും, ആ നടപടിക്രമം നീതിയുക്തമായിരുന്നുവെന്ന് വിശ്വസിച്ചുകൊണ്ട് മടങ്ങുമ്പോഴാണ് കോടതി വിശ്വാസം നേടിയെടുക്കുന്നത്. അംഗീകാരം നേടുന്നതിനേക്കാൾ വളരെ പ്രയാസകരവും എന്നാൽ അതിലേറെ മൂല്യവത്തായതുമായ ഒന്നാണത്,' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ജുഡീഷ്യറിയുടെ സുതാര്യത എന്നത് കേവലം തുറന്ന വാതിലുകളോ പരസ്യമായ വാദം കേൾക്കലോ മാത്രമല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഒരു വിധി ആർക്കെതിരെയാണെന്നും അതിന് അടിസ്ഥാനമായ കാരണങ്ങൾ എന്താണ് എന്നത് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സാധിക്കുക എന്നതാണ് ഇതിനർത്ഥം. മറ്റെന്ത് കാര്യങ്ങളും ചെയ്താലും ഒരു വിധിയിലേക്ക് നയിച്ച കാരണങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന കോടതികൾ യഥാർത്ഥത്തിൽ സുതാര്യത പുലർത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി കൊളീജിയത്തെ കുറിച്ചും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സംസാരിച്ചു. 'പൊതുവേദിയിൽ സംസാരിക്കാൻ സാധിക്കാത്ത പല വിഷയങ്ങളുമുണ്ട്. എന്നാൽ, കൊളീജിയം എങ്ങനെ രൂപപ്പെട്ടുവെന്നും എങ്ങനെ വിജയകരമായി പ്രവർത്തിച്ചുവെന്നതിനെ കുറിച്ചും എന്റെ പക്കൽ നിയമപരമായ മറുപടികളുണ്ട്.
കൊളീജിയത്തിന്റെ ശുപാർശപ്രകാരം കേന്ദ്രസർക്കാർ നടത്തുന്ന നിയമനങ്ങളുടെ കാര്യത്തിൽ കാര്യമായ തടസ്സങ്ങളൊന്നും ഉണ്ടാകാറില്ല. എന്തുതരം ചർച്ചകളാണ് നടക്കുന്നത് എന്നതിലേക്കും ഒടുവിൽ എങ്ങനെയാണ് അന്തിമ ശുപാർശകൾ തയ്യാറാക്കപ്പെടുന്നത് എന്നതിലേക്കും ഇത് വിരൽചൂണ്ടുന്നു. അതേസമയം, പരിഷ്കരണ നടപടികൾ സ്വാഗതാർഹമാണ്,' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.