വിജയ് യുടെ നിക്ഷേപം തേടിയ യാത്രയിൽ റേസ്’ മാത്രം?
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യുടെ ലണ്ടൻ സന്ദർശനം രാഷ്ട്രീയ വിവാദത്തിൽ. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനാണ് ലണ്ടൻ യാത്രയെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെ, സിൽവർസ്റ്റോൺ മോട്ടോർ റേസിങ് സർക്യൂട്ടിലെ സന്ദർശന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയത്.
സെപ്റ്റംബർ 10ന് ലണ്ടനിലേക്കുപോയ വിജയ് 17ന് മടങ്ങിയെത്തും. മന്ത്രി ആധവ് അർജുനയും സർക്കാർ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. സിൽവർസ്റ്റോണിലെ റേസ് കൺട്രോൾ, റേസ് സർക്യൂട്ട് സൗകര്യങ്ങൾ വിജയ് പരിശോധിക്കുകയും അന്താരാഷ്ട്ര റേസുകൾക്കാവശ്യമായ സാങ്കേതികവിദ്യ, പ്രവർത്തന സംവിധാനം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ തേടുകയും ചെയ്തു.
നടനും കാർ റേസിങ് താരവുമായ അജിത് കുമാറിനെയും സന്ദർശനത്തിനിടെ കണ്ടു. നിക്ഷേപം ആകർഷിക്കാനാണ് യാത്രയെന്ന് പറഞ്ഞിട്ടും ഇതുവരെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളുടെയോ നിക്ഷേപ വാഗ്ദാനങ്ങളുടെയോ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി വിമർശിച്ചു.
'യാത്രാചെലവ്, വിജയ്ക്കൊപ്പം പോയവരുടെ വിവരങ്ങൾ, സർക്കാർ പണം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും വിശദീകരണം ആവശ്യപ്പെട്ടു. യാത്ര ഔദ്യോഗികമാണെങ്കിൽ ആരുമായി കൂടിക്കാഴ്ച നടത്തി, എത്ര നിക്ഷേപം പ്രതീക്ഷിക്കുന്നു തുടങ്ങിയ വിവരങ്ങൾ മുഖ്യമന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ലഭിച്ച നിക്ഷേപങ്ങളുടെ വിശദാംശങ്ങളടങ്ങിയ ധവളപത്രം പ്രസിദ്ധീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി എൽ. മുരുകനും ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവനും വിജയ് യുടെ ലണ്ടൻ സന്ദർശനത്തെ വിമർശിച്ചു. സന്ദർശനത്തിനിടെ വിജയ്ക്കൊപ്പം നടി തൃഷ നിൽക്കുന്നതിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.