ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അര്‍ണബിനെതിരെ മുംബൈ പൊലീസിന്റെ കുറ്റപത്രം

മുംബൈ: ടി.ആര്‍.പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അര്‍ണബിനെ കൂടാതെ റിപ്പബ്ലിക് ടി.വി ഉടമസ്ഥരായ എ.ആര്‍.ജി ഔട്ട്‌ലയര്‍ മീഡിയയുടെ ഭാഗമായ നാല് പേര്‍ കൂടി കേസിലെ പ്രതികളാണ്. 1800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

ഒമ്പത് മാസം മുമ്പാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ടി.ആര്‍.പി കൃത്രിമമായി പെരുപ്പിച്ചുവെന്ന് കാട്ടിയെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടി കങ്കണ റണാവതിന്റെ ഓഫിസിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാര്‍ത്ത പൊലിപ്പിക്കാന്‍ കൃത്രിമമായി ശ്രമിച്ചുവെന്നാണ് ആരോപണം.


റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ ടി.ആര്‍.പി റേറ്റ് കൃത്രിമമായി വര്‍ധിപ്പിക്കാന്‍ ചാനല്‍ ഉപഭോക്താക്കള്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു പൊലീസിന്റെ ആരോപണം. ടി.ആര്‍.പി നിരീക്ഷണം നടത്തുന്ന ഹന്‍സ് ഗ്രൂപ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

കേസ് അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം മരവിപ്പിക്കണമെന്ന അര്‍ണബിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കേസില്‍ 13 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - TRP scam: Arnab Goswami named in chargesheet by Mumbai Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.