പ്രതാപ്ഗഢിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ട്രാൻസ്ജെന്‍റർ വോട്ടർമാർ
അഗർതല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പുരോഗമിക്കവേ ഉച്ചക്ക് ഒരു മണി വരെ 52 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം, പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും വോട്ടർമാരെ തടയുന്ന സംഭവങ്ങളുണ്ടായി.
മിസോറാമിൽ നിന്ന് ത്രിപുരയിലേക്ക് കുടിയേറിയ ബ്രു അഭയാർഥികൾക്ക് സംസ്ഥാനത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 1997ൽ വംശീയ അതിക്രമങ്ങൾക്കൊടുവിൽ പലായനം ചെയ്ത് ത്രിപുരയിലെത്തിയതാണ് ബ്രു വിഭാഗക്കാർ. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്.
സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റായ വിശാൽഘട്ടിൽ രണ്ടിടത്ത് വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് ബോംബേറുണ്ടായി. സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം.
ദക്ഷിണ ത്രിപുരയിലെ ശാന്തിർബസാറിൽ പോളിങ് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി. ധാൻപൂരിലും പോളിങ് ഏജന്റുമാർക്കെതിരെ ആക്രമണമുണ്ടായെന്ന് മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു. പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ നിന്നും പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഗോമതി ജില്ലയിലെ ഉദയ്പൂർ മണ്ഡലത്തിലും അക്രമം നടന്നു.
സംസ്ഥാനത്തെ 3,337 പോളിങ് സ്റ്റേഷനുകളിലിൽ 1,100 എണ്ണവും പ്രശ്നബാധിത ബൂത്തുകളാണ്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് നാലിന് അവസാനിക്കും.
ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം, സി.പി.എം-കോൺഗ്രസ് സഖ്യം, മുൻ രാജകുടുംബത്തിന്റെ പിൻഗാമികൾ രൂപവത്കരിച്ച പ്രാദേശിക പാർട്ടിയായ ടിപ്ര മോത എന്നിവയാണ് പ്രധാന പാർട്ടികൾ. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
മുൻകരുതലായി സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും ഫെബ്രുവരി 17ന് രാവിലെ ആറുവരെ തുടരുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ അന്താരാഷ്ട്ര, അന്തർ സംസ്ഥാന അതിർത്തികൾ അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.