രാജ്യത്ത് പൗരന്മാർ മരിച്ചു വീഴുമ്പോൾ പ്രധാനമന്ത്രി വിദേശത്ത് കാമറക്ക് പോസ് ചെയ്യുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ദൽഹിയിലെ റെഡ്‌ഫോർട്ടിന് സമീപമുണ്ടായ സ്ഫോടനത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. സ്വന്തം പൗരന്മാർ രാജ്യത്ത് മരിച്ചു വീഴുമ്പോൾ വിദേശത്ത് കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയാണ് മോദിയെന്നും മനഃസാക്ഷിയുള്ള മനുഷ്യൻ ആയിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി സ്ഥാനം അമിത്ഷാ ഒഴിഞ്ഞേനെയെന്നും തൃണമൂൽ ‘എക്സി’ൽ ആഞ്ഞടിച്ചു.

‘സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചു വീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്കുമുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന സേവകൻ. ഓരോ സ്ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ടപ്പെടുന്ന നിരപരാധികളുടെ ജീവനും ദേശീയ സുരക്ഷയുടെ പൂർണമായ തകർച്ചയെ തുറന്നുകാട്ടുന്നു’വെന്ന് നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ടി.എം.സി പറഞ്ഞു.

‘ഒരു തരിയെങ്കിലും മനസ്സാക്ഷിയുള്ള ഏതൊരു ആഭ്യന്തരമന്ത്രിയും ഇപ്പോൾ സ്ഥാനമൊഴിഞ്ഞേനെ. എന്നാൽ, പശ്ചാത്താപവും ഉത്തരവാദിത്തവും ഈ ഭരണകൂടത്തിന് അന്യമാണ്. ജമ്മു കശ്മീരിലെ പുൽവാമയിലും പഹൽഗാമിലും നടന്ന മുൻ ഭീകരാക്രമണങ്ങളെയും ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നടന്ന ബോംബ് സ്‌ഫോടനത്തെയും പരാമർശിച്ചുകൊണ്ട്, രാജ്യം ചോരയൊലിക്കുന്ന ഓരോ തവണയും ‘ഒട്ടും പരിക്കേൽക്കാതെ’ ഉത്തരവാദിത്തമില്ലാതെ അമിത് ഷാ നടന്നുവെന്നും അവർ പറഞ്ഞു.

സുരക്ഷാ വീഴ്ചകളെ ടി.എം.സി നേതാവ് അഭിഷേക് ബാനർജി ചോദ്യം ചെയ്തു. ‘നമ്മുടെ ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇത്തരമൊരു സംഭവം നടന്നത് അങ്ങേയറ്റം ദുഃഖകരമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് കീഴിലുള്ള ഡൽഹി പൊലീസാണ് ക്രമസമാധാന പാലനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം വഹിക്കുന്നത്. അപ്പോൾ എങ്ങനെയാണ് സുരക്ഷാ വീഴ്ചകൾ അനുവദിക്കാനാവുക?’ - അദ്ദേഹം ‘എക്‌സി’ൽ ചോദിച്ചു.

ഹരിയാനയിലെ ഫരീദാബാദിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതിനെ പരാമർശിച്ചുകൊണ്ട് ആഭ്യന്തര സുരക്ഷയെക്കുറിച്ചും ജാഗ്രതയിലെ വീഴ്ചയെക്കുറിച്ചും ഈ സംഭവങ്ങൾ ആശങ്കാജനകമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരുന്നതിനും ഉത്തരവാദിത്തപ്പെട്ടവർ പൂർണ്ണ ഉത്തരവാദിത്തമുള്ളവരാണെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമെങ്കിൽ കോടതി മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവൻ സമയ ‘വിദ്വേഷ പ്രചാരണ മന്ത്രി’യെയല്ല, കഴിവുള്ള ഒരു ആഭ്യന്തര മന്ത്രിയെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് തൃണമൂൽ എം.പി മഹുവ മൊയ്ത്ര എഴുതി. നമ്മുടെ അതിർത്തികളെയും നഗരങ്ങളെയും സംരക്ഷിക്കേണ്ടത് അമിത് ഷായുടെ കടമയല്ലേ? എന്തുകൊണ്ടാണ് അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇത്ര അത്ഭുതകരമായി പരാജയപ്പെടുന്നതെന്നും അവർ ചോദിച്ചു.

Tags:    
News Summary - Trinamool says PM posts cameras abroad while citizens of the country die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.