യോഗി ആദിത്യനാഥ് തന്‍റെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി ആദിവാസി യുവതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിതിനെതിരെ യുവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലെ ലക്ഷ്മി ഒറാങ് എന്ന ആദിവാസി യുവതിയാണ് ആദിത്യനാഥിനും അസമില്‍ നിന്നുള്ള ബി.ജെ.പി എം.പി രാം പ്രസാദ് ശര്‍മക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്. 10 വര്‍ഷം മുന്‍പ് ഗോഹട്ടിയില്‍ ഒരു സമരത്തിനിടെ പകര്‍ത്തിയതാണ് ചിത്രങ്ങൾ.

വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് ഹരജി നല്‍കിയിരിക്കുന്നത്. 2007ൽ നടന്ന സമരത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പി നടത്തിയ സമരമാണിതെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെടുകയായിരുന്നു. പ്രധാനമന്ത്രി പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ പാർട്ടിയിലെ മുഖ്യമന്ത്രി ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നതിനെയാണോ ജനാധിപത്യം എന്ന് വിളിക്കുന്നത് എന്ന് ലക്ഷ്മി ഒറാങ് ചോദിച്ചു.

നിർഭാഗ്യവതിയായ ഈ പെൺകുട്ടിയെക്കുറിച്ചും അവൾക്ക് ഇനിയും നീതി ലഭിച്ചില്ല എന്നും ജനങ്ങൾ മനസ്സിലാക്കണമെന്ന് കരുതിയാണ് ഫോട്ടോ ഷെയർ ചെയ്തതെന്നാണ് രാം പ്രസാദ് ശര്‍മയുടെ വിശദീകരണം. 2007ൽ നടന്ന യഥാർഥ സംഭവമായിരുന്നു. ആ പോസ്റ്റിൽ താൻ കമന്‍റൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേസ് പുന:പരിശോധിക്കണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ അഗർവാളിനോട് താൻ ആവശ്യപ്പെട്ടിരുന്നതായും ശർമ വ്യക്തമാക്കി.

ആദിത്യനാഥിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ജൂണ്‍ 13 ന് തന്‍റെ നഗ്ന ചിത്രം പോസ്റ്റ് ചെയ്തെന്നാണ് യുവതിയുടെ പരാതി.അസം ആദിവാസി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ബെല്‍ട്ടോളയില്‍ 2007 നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നും വസ്തുതകള്‍ അറിയാതെയാണ് ആദിത്യനാഥ് ഇത് ഷെയർ ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

Tags:    
News Summary - Tribal woman files case against Yogi Adityanath for sharing her nude image on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.